ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താൻ; പ്രത്യാക്രമണം കടുപ്പിച്ചു
ടെഹ്‌റാന്‍ (ഇറാന്‍): ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. അവരണ്ടും തകര്‍ത്തിരുന്നു. അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.
ഇറാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാകിസ്താന്‍ ബുധനാഴ്ച തിരിച്ചുവിളിച്ചു. പാകിസ്താനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരിച്ചടി.
2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ വധിച്ചതും അതിര്‍ത്തിയില്‍ റോന്തുചുറ്റുകയായിരുന്ന നാലുപോലീസുകാരെ 2023 ജൂലായില്‍ വധിച്ചതും ജയ്ഷ് അല്‍ ആദിലെന്ന് ഇറാന്‍ ആരോപിക്കുന്നു. 2019-ല്‍ റെവലൂഷണറി ഗാര്‍ഡ്‌സിലെ 27 അംഗങ്ങളെ വധിച്ചതിന്റെ ഉത്തരവാദിത്വം നേരത്തെ ജയ്ഷ് അല്‍ ആദില്‍ ഏറ്റെടുത്തിരുന്നു.