പാലക്കാട്∙ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് നേതാവ് പി.സരിനെ സ്ഥാനാർഥിയാക്കാൻ സിപിഎം തീരുമാനിച്ചതായി സൂചന. സംസ്ഥാന നേതൃത്വം വ്യാഴാഴ്ച പ്രഖ്യാപനം നടത്തിയേക്കും. സരിനെ സ്ഥാനാർഥിയാക്കുന്നതിനോട് അനുകൂല നിലപാടാണ് സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലെടുക്കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.
പത്തനംതിട്ട ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിലിനെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. സീറ്റ് നിഷേധിച്ചതിനെതിെര സരിൻ വാർത്താ സമ്മേളനത്തിൽ പരസ്യമായി പ്രതികരിച്ചു. രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയ സിപിഎം, സരിൻ പാർട്ടിവിട്ടു വന്നാൽ സ്വീകരിക്കാമെന്ന നിലപാടിലെത്തി.
ജില്ലാ നേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വം വിശദമായ ചർച്ച നടത്തിയശേഷം തീരുമാനം പ്രഖ്യാപിക്കും. സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി സരിൻ മത്സരിക്കുമെന്നാണു റിപ്പോർട്ട്. സരിൻ സമ്മതം അറിയിച്ചെന്നാണു വിവരം. ഇതോടെ രാഹുലും സരിനും തമ്മിൽ നേർക്കുനേർ പോരാട്ടത്തിനാകും പാലക്കാട് സാക്ഷ്യം വഹിക്കുക. സരിൻ സ്ഥാനാർഥിയാകുന്നതു കോൺഗ്രസിനു ക്ഷീണമാകുമെന്നാണു എൽഡിഎഫിന്റെ വിലയിരുത്തൽ.