കൊച്ചി: സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിലെ നിയമവശങ്ങൾ കേരള ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് സംസ്ഥാന നിയമ മന്ത്രി പി രാജീവ്. പൊതു താത്പര്യ ഹർജികൾ അല്ലെങ്കിൽ ഒരു കേസിലെ വിധി അതിന് മാത്രമാണ് ബാധകം. കോടതിയുടെ അധികാരത്തിലേക്ക് ചാൻസലർ കടന്നുകയറിയതായി കാണുന്നു. ചാൻസലർക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അധികാരമുണ്ടോയെന്ന ചോദ്യവും അദ്ദേഹം മുന്നോട്ട് വെച്ചു.
പ്രതിപക്ഷ നേതാവ് ഗവർണറെ പിന്തുണക്കുന്നത് അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് വിസിമാരുടെ രാജി ചോദിക്കാൻ അധികാരമില്ല. വിഡി സതീശൻ പറയുന്നത് നിയമപരമല്ലാത്ത കാര്യമാണ്. ആർഎസ്എസ് നേതാവിനെ പോലെയാണ് വിഡി സതീശൻ സംസാരിക്കുന്നത്. യുഡിഎഫ് കാലത്ത് സേർച്ച് കമ്മിറ്റി എങ്ങനെയായിരുന്നുവെന്ന് വിമർശിക്കുന്നവർ പരിശോധിക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതി ഗവര്‍ണര്‍ പ്രവര്‍ത്തിച്ചാൽ അതിനെ ചെറുക്കാൻ തന്നെയാണ് തീരുമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഗവര്‍ണര്ക്ക്ർക്ക് പ്രത്യേക നിയമമൊന്നുമില്ല. രണ്ട് കൈയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂവെന്ന് പ്രധാനമായും തിരിച്ചറിയേണ്ടത് ഗവര്‍ണറും രാജ് ഭവനുമാണ്. ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ മാറ്റുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
രാവിലെ പതിനൊന്നരയ്ക്ക് മുൻപ് രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ ഒൻപതു സർവകലാശാലാ വിസിമാരും ഹൈക്കോടതിയെ സമീപിച്ചു. രാജിവെക്കേണ്ടതില്ലെന്ന് സർക്കാരും വിസിമാരോട് നിർദേശിച്ചു. രാജി ആവശ്യത്തിന് എതിരെ നിയമപരമായ വഴി തേടുകയാണെന്ന് ആറു വിസിമാർ ഗവർണറെ രേഖാമൂലം അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖല സ്തംഭിക്കുന്ന വിഷയം ആയതിനാൽ അടിയന്തിരമായി പരിഗണിക്കണമെന്ന വിസിമാരുടെ അഭിപ്രായം അംഗീകരിച്ച ഹൈക്കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് അടിയന്തിര സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ആണ് വിസിമാരുടെ ഹർജി പരിഗണിക്കുക.