കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന ജോസ് കെ മാണിയുടെ പ്രസ്താവനയ്ക്കു മറുപടിയുമായി പി.ജെ ജോസഫ്. മുന്നണി ധാരണകളെ അംഗീകരിക്കാത്ത ജോസ് കെ. മാണിക്കെതിരെ നപടിയെടുക്കണമെന്ന് ജോസഫ് പറഞ്ഞു. മുന്നണി തീരുമാനം അംഗീകരിക്കാന്‍ കക്ഷികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
ജോസ് കെ. മാണി എല്ലാ ധാരണകളും തെറ്റിക്കുകയാണ്. വാക്കുമാറ്റത്തിന്റെ നീണ്ട ചരിത്രമാണ് ജോസ് കെ. മാണിക്കുള്ളതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തര്‍ക്കത്തില്‍ യുഡിഎഫ് ന്യായമായ തീരുമാനമാണ് എടുത്തത്. തങ്ങളുടെ ഭാഗം ശരിയാണെന്ന് തെളിഞ്ഞു. ജോസ് വിഭാഗത്തിന്റേത് ഗീബല്‍സിയന്‍ നയമാണ്. തുടര്‍നപടികള്‍ യുഡിഎഫ് തീരുമാനിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തില്‍ യുഡിഎഫ് അന്ത്യശാസനം നല്‍കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ധാരണാപ്രകാരം ജോസ് വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് ധാരണ അനുസരിക്കാന്‍ ജോസ് കെ. മാണി ബാധ്യസ്ഥ നാണ്. ചര്‍ച്ചകളിലെ മറ്റ് നിര്‍ദേശങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു.
അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യുഡിഎഫ് നിര്‍ദേശം തള്ളി ജോസ് കെ. മാണി രംഗത്ത് എത്തിയിരുന്നു. കെ.എം മാണിയുടെ കരാര്‍ യുഡിഎഫ് നടപ്പിലാക്കണമെന്നും നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വിഭാഗം യുഡിഎഫിന്റെ മനോവീര്യം കെടുത്തുകയാണ്. പാലാ തെരഞ്ഞെടുപ്പില്‍ ജോസഫ് മുന്നണിക്കെതിരേ നിലപാട് എടുത്തുവെന്നും ജോസ് കെ. മാണി വ്യക്തമാക്കിയിരിന്നു.