KeralaNews

‘കൊച്ചുമക്കളുടെ ടാബ് എടുത്തപ്പോഴാണ് എനിക്ക് അരിശം വന്നത്’; റെയ്ഡിനെതിരെ പി.സി.ജോര്‍ജ്

കോട്ടയം: ക്രൈംബ്രാഞ്ച് സംഘം വീട്ടിൽ നടത്തിയ റെയ്ഡിനെക്കുറിച്ച് പ്രതികരണവുമായി പൂഞ്ഞാൻ മുൻ എംഎൽഎയും കേരള ജനപക്ഷം നേതാവുമായ പി.സി.ജോർജ്. ലാവ്‍ലിൻ കേസിൽ അടുത്ത മാസം വിധി വരുമെന്ന് ഉറപ്പായതോടെയാണ് തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ നീക്കവുമായി രംഗത്തെത്തിയതെന്ന് പി.സി.ജോർജ് ആരോപിച്ചു. വിധി വരുമ്പോൾ പിണറായി ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പാണ്. ശിക്ഷ കിട്ടുമെന്ന് ഉറപ്പായതുകൊണ്ടാണ് അവിഹിത മാർഗങ്ങൾ ഉപയോഗിച്ച് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. വിധിയുടെ കാര്യം ചർച്ചയാകാതിരിക്കാനാണ് ഈ റെയ്ഡെന്നും പി.സി.ജോർജ് പറഞ്ഞു.

നടൻ ദിലീപിന്റെ സഹോദരനുമായി മകൻ ഷോൺ ജോർജ് സംസാരിച്ച ഫോൺ കണ്ടെത്താനെന്നു പറഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം റെയ്ഡിനെത്തിയതെന്ന് പി.സി.ജോർജ് പറഞ്ഞു. 2019ൽ നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ഷോൺ ജോർജ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയ ഫോണാണ് ക്രൈംബ്രാഞ്ച് 2022ൽ അന്വേഷിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ കത്ത് സഹിതമാണ് ജോർജ് ഇക്കാര്യം പറഞ്ഞത്. കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് റെയ്ഡിന് ഓർഡർ മേടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

∙ പി.സി.ജോർജിന്റെ വാക്കുകളിലൂടെ…

ദിലീപിന്റെ അനിയൻ 2019ൽ ഷോണിനെ വിളിച്ച ഫോണാണ് അവർ അന്വേഷിക്കുന്നത്. ഈ കത്ത് നോക്കൂ. ഇത് 2019 നവംബർ 26ന് ഷോൺ ജോർജ് ജില്ലാ പൊലീസ് മേധാവിക്കു കൊടുത്ത കത്താണ്. അതിൽ പറയുന്നത് ഈ ഫോൺ അന്നു രാവിലെ മുതൽ നഷ്ടപ്പെട്ടുപോയെന്നാണ്. 2019ൽ നഷ്ടപ്പെട്ടെന്നു പറയുന്ന സാധനത്തിന്, ഈ 2022ൽ എന്തിനാണ് റെയ്ഡ്? 

ഇത് ഞാനും മകനും താമസിക്കുന്ന വീടാണ്. ഇന്നു രാവിലെ 7.15നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് ഇവിടെ വന്നത്. ചോദിച്ചപ്പോൾ അവർ റെയ്ഡിനുള്ള ഓർഡറും കാണിച്ചു. ഓർഡർ അനുസരിച്ച് ആ ഒരൊറ്റ ഫോൺ എടുക്കാനേ പാടുള്ളൂ. എല്ലാ വാതിലും തുറന്നുകൊടുക്കാൻ ഞാൻ പറഞ്ഞു. എല്ലായിടത്തും റെയ്ഡ് നടത്തിക്കോളാൻ പറഞ്ഞു. നമ്മളതിനൊന്നും തടസം പറഞ്ഞില്ല.

അവർ അകത്തു കയറി മുഴുവൻ പരിശോധിച്ചു. അന്വേഷിച്ച് വന്നിട്ട് എന്തെങ്കിലും കൊണ്ടു പോകണ്ടേ? ഒടുവിൽ ഷോണിന്റെ മക്കളായ ഒന്നാം ക്ലാസിൽ പഠിക്കുന്ന അമ്മുവിന്റെയും ആറിൽ പഠിക്കുന്ന അപ്പുവിന്റെയും ടാബ് എടുക്കാൻ പൊലീസ് ശ്രമിച്ചു. അവർക്ക് പരീക്ഷ നടക്കുകയാണെന്ന് ഓർക്കണം. അപ്പോഴാണ് എനിക്ക് അരിശം വന്നത്. ദിലീപിന്റെ കേസിൽ പൊലീസ് കോടതിയിൽ പൊളിഞ്ഞുപോയി. ക്രൈംബ്രാഞ്ചിന് നാണക്കേടായി. അവൻമാർ അതുകൊണ്ട് വേറെ കേസുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

ഇതിനെല്ലാം വ്യക്തമായ കാരണങ്ങളുണ്ട്. പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസുണ്ടല്ലോ. 28 തവണയാണ് യുഎഇയിൽനിന്ന് സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട  പ്രധാന രേഖകൾ എന്റെ പക്കലുണ്ടെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. അതൊന്നും എടുത്തുകൊണ്ടു പോകാൻ പറ്റില്ല. അതെല്ലാം ഭദ്രമായി എന്റെ കയ്യിലുണ്ട്. 

ഇപ്പോഴത്തെ വലിയ പ്രകോപനം എന്താണെന്ന് അറിയാമോ? ലാവ്‌ലിൻ കേസിൽ ഈ ഓണാവധിക്കു ശേഷം വിധി വരികയാണ്. പിണറായിക്ക് ജയിലിൽ പോകുകയല്ലാതെ വേറെ മാർഗമില്ല. ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് 20 വർഷമായി കേസ് പിടിച്ചുവച്ചിരിക്കുന്നത്. അതിനായി എന്തെല്ലാം അവിഹിത മാർഗങ്ങളാണ് ഉപയോഗിച്ചത്. അതെല്ലാം മാറി വിധി വരാൻ പോവുകയാണ്. അതായത് ജയിലിലേക്കു പോകും. കേസിന്റെ കാര്യം വാർത്തയാകാതിരിക്കാൻ എന്റെ വീട് റെയ്ഡ് ചെയ്തൂന്നേയുള്ളൂ

പിണറായിയോട് സ്നേഹമുള്ളവർ എന്നോട് ക്ഷമിക്കുക. ഉള്ളത് പറയാതിരിക്കാൻ പറ്റില്ലല്ലോ. ഒരു കാര്യം പറയാം. ഇനിയും പൊലീസ് ഉദ്യോഗസ്ഥൻമാർ ചാടിയാൽ നിങ്ങളും അനുഭവിക്കേണ്ടി വരും. ഞാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയിലേക്കു നീങ്ങും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button