‘സ്ത്രീകളുമായി വരുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് ഫ്രീ’; കിടിലന്‍ ഓഫറുമായി ഒരുത്തീ ടീം
നവ്യാ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ മാര്‍ച്ച് 18 നാണു റിലീസ്. റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ‘സ്ത്രീകളോടൊപ്പം സിനിമ കാണാനെത്തുന്ന പുരുഷന്മാര്‍ക്ക് ടിക്കറ്റ് സൗജന്യം’.
സംഭവം കൊള്ളാമെന്ന് പ്രേക്ഷകര്‍. പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. സ്ത്രീകളുടെ ടിക്കറ്റിന്റെ പൈസ ഈടാക്കും. സിനിമ റിലീസായി ആദ്യത്തെ മൂന്നു ദിവസം, അതാത് ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദര്‍ശനങ്ങള്‍ക്ക് വരുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, മലയാളത്തിലേക്ക് തിരിച്ച് വരികയാണ് നവ്യ ഈ ചിത്രത്തിലൂടെ. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായര്‍, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. ഒരുപാട് സിനിമകള്‍ക്ക് ശേഷം താരം, വിവാഹത്തോടെ താല്‍ക്കാലികമായ ഒരു ഇടവേള എടുക്കുകയായിരുന്നു.
തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നുവെന്നും വളരെ ഡെപ്ത്ത് ഉള്ളത് കൊണ്ടാണ് തിരിച്ചുവരവിന് ഒരുത്തീ എന്ന ചിത്രം തിരഞ്ഞെടുത്തതെന്നും നവ്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എസ് സുരേഷ് ബാബുവാണ് ഒരുത്തീയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കെ.വി.അബ്ദുള്‍ നാസറാണ് നിര്‍മ്മാണം. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. നവ്യ നായര്‍ക്കൊപ്പം വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.