Home-bannerRECENT POSTS

റബര്‍ തോട്ടത്തിലൂടെ മൃതദേഹവുമായി മതിലുചാടി കല്ലറപൊളിച്ച് ശവസംസ്‌കാരം,വാക്കേറ്റം,സംഘര്‍ഷം, കയ്യാങ്കളി യാക്കോബായ-ഓര്‍ത്തോഡ്ക്‌സ് പക്ഷങ്ങള്‍ സുപ്രീംകോടതി വിധിയ്ക്ക് ശേഷവും തമ്മിലടി തുടരുന്നു

കൊച്ചി:യാക്കോബായ – ഓര്‍ത്തഡോക്സ് പ്രശ്നം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് വരിക്കോലി പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്നതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം അധികാരമേറ്റെടുത്ത പള്ളിയില്‍ യാക്കോബായ വി്വാസിയുടെ മൃതദേഹം സംസ്‌കരിയ്ക്കുന്നതിനേച്ചൊല്ലിയായിരുന്നു തര്‍ക്കം.യാക്കോബായ പുരോഹിതന്‍മാര്‍ക്ക് പള്ളിയിലേക്ക് പ്രവേശനം നിഷേധിച്ചതോടെ
പൊലീസിന്റെ കണ്ണുവെട്ടിച്ച് രഹസ്യമായി മൃതദേഹം സംസ്‌കരിച്ചു.

ചെമ്മനാട് സ്വദേശി യോഹന്നാന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സഭാ തര്‍ക്കം ഏറ്റവും രൂക്ഷമായി നിലനില്‍ക്കുന്ന പള്ളികളിലൊന്നായ വരിക്കോലിയിലെ വിശ്വാസിയാണ് യോഹന്നാന്‍.മൃതദേഹം വരിക്കോലി സെന്റ് മേരീസ് പളളിയില്‍ അടക്കം ചെയ്യണമെന്ന് യാക്കോബായ വിശ്വാസികള്‍ ആവശ്യപ്പെട്ടു.യാക്കോബായ വിഭാഗത്തില്‍ പെട്ട വൈദികരെ ഒരു കാരണവശാലും സംസ്‌കാര ശുശ്രൂഷകള്‍ക്കായി കടത്തിവിടില്ലെന്ന് ഓര്‍ത്തഡോക്‌സ വിഭാഗം നിലപാടെത്തു.തങ്ങളുടെ വൈദികരെ കടത്തിവിടണമെന്ന് യാക്കോബായ പക്ഷവും ആവശ്യപ്പെട്ടു.ഇരുപക്ഷവും നിലപാടില്‍ ഉറച്ച് നിന്നതിനെ തുടര്‍ന്ന് മൂവാറ്റുപുഴ സബ് കലക്ടറുടെയും ഡിവൈഎസ്പിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഇരുകൂട്ടരും തയ്യാറായില്ല. തുടര്‍ന്ന് യാക്കോബായ ചാപ്പലില്‍ ശുശ്രൂഷ നടത്തിയ ശേഷം മൃതദേഹവുമായി വിശ്വാസികള്‍ പള്ളിയിലേക്ക് പോയി. എന്നാല്‍ ഗേറ്റിന് മുന്നില്‍ പൊലീസ് കാവല്‍ നിന്നതിനാല്‍ മൃതദേഹം പള്ളിക്ക് പിന്നിലുള്ള റബര്‍ തോട്ടത്തിലൂടെ രഹസ്യമായി സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോയി. വലിയ മതിലുകള്‍ ഉള്‍പ്പെടെ ചാടിക്കടന്നാണ് മൃതദേഹം സെമിത്തേരിയില്‍ എത്തിച്ചത്. തുടര്‍ന്ന് ശുശ്രൂഷകള്‍ പോലും നടത്താതെ കല്ലറ പൊളിച്ച് സംസ്‌കാരം നടത്തുകയായിരുന്നു.

അതേ സമയം പൊലീസിന്റെ അറിവോടെയാണ് രഹസ്യമായ രീതിയില്‍ സംസ്‌കാരം നടത്തിയതെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആരോപിയ്ക്കുന്നു. സഭാതര്‍ക്കത്തില്‍ വിധി നടപ്പാക്കാന്‍ സുപ്രീം കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹ സംസ്‌ക്കാരത്തെ ചൊല്ലി പല ഓര്‍ത്തഡോക്സ് പളളികളിലും സമാനമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി വിധി വളച്ചൊടിക്കാനാണ് ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിക്കുന്നതെന്നാണ്് യാക്കോബായ പക്ഷത്തിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button