
കൊച്ചി: എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. എമ്പുരാനിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് പുതിയ ലേഖനത്തിൽ അവർ ചിത്രത്തെ വിമർശിച്ചുകൊണ്ട് ആരോപിക്കുന്നത്. ജിതിൻ ജേക്കബ് ആണ് ലേഖകൻ. ക്രിസ്ത്യൻ വിഭാഗത്തിന്റെ ആശങ്കകൾ എന്ന നിലയ്ക്കാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്.
ക്രിസ്തീയ വിശ്വാസികളുടെ ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ലേഖനം പറയുന്നത്. ദൈവപുത്രൻതന്നെ തെറ്റുചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ എന്ന സംഭാഷണത്തെ ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ‘ക്രിസ്തീയ വിശ്വാസത്തിൽ, “ദൈവപുത്രൻ” മറ്റാരുമല്ല, ലോകത്തിന്റെ പാപങ്ങൾ വഹിച്ചുകൊണ്ട് മനുഷ്യരാശിയെ വീണ്ടെടുക്കാൻ കുരിശിൽ കയറിയ മിശിഹായായ യേശുക്രിസ്തുവാണ്. അപ്പോൾ, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തിൽ ക്രിസ്തു എന്ത് “പാപം” ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ “കറുത്ത മാലാഖ” ആരാണ്? ഏറ്റവും പ്രധാനമായി, ഏത് ക്രിസ്തീയ തിരുവെഴുത്തിലാണ് ഈ ആശയം നിലനിൽക്കുന്നത്?’ എന്നാണ് പുതിയ ലേഖനത്തിൽ ചോദിക്കുന്നത്.
‘തകർന്ന ഒരു പള്ളിയുടെ മുന്നിലാണ് ഈ വരി അവതരിപ്പിക്കുന്നത്. ദൈവപുത്രന്റെ പാപം നിമിത്തം ദൈവം അവനെ ഉയിർപ്പിച്ചുവെന്ന് ലൂസിഫർ തന്നെ പ്രഖ്യാപിക്കുന്നു. മൂന്നാം ദിവസം യേശു ഉയിർത്തെഴുന്നേറ്റുവെന്ന് ലോകം മുഴുവൻ അറിയാം, എന്നാൽ ഇവിടെ, ഈ വിവരണത്തിൽ, ദൈവം സാത്താനെ ഉയിർപ്പിക്കാൻ തീരുമാനിക്കുന്നു? അപ്പോൾ, ദൈവത്തിന്റെ സർവ്വശക്തിയുടെ അവസ്ഥ എന്തായിരിക്കും? ദൈവപുത്രനെ പ്രതിരോധിക്കാൻ ലൂസിഫർ പുനരുജ്ജീവിപ്പിക്കപ്പെട്ടാൽ, അത് ദൈവം ശക്തിയില്ലാത്തവനും ദുർബലനും അപ്രസക്തനുമാണെന്ന് സൂചിപ്പിക്കുന്നില്ലേ?
ഖുർആനെക്കുറിച്ചോ അല്ലാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ഇത്തരം അവകാശവാദങ്ങൾ കെട്ടിച്ചമയ്ക്കാൻ ഒരു സിനിമ ധൈര്യപ്പെട്ടെങ്കിലോ? കോലാഹലം കാതടപ്പിക്കുന്നതായിരിക്കും. ലോകമെമ്പാടും പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടും. എന്നിരുന്നാലും, ക്രിസ്തുമതത്തിന്റെ കാര്യത്തിൽ, ഭയാനകമായ ഒരു നിശബ്ദത നിലനിൽക്കുന്നതായി തോന്നുന്നു. ഇറാഖിലെ ഏക ക്രിസ്ത്യൻ നഗരമായ കാരഖോഷിനെക്കുറിച്ച് സിനിമയിൽ പരാമർശിക്കുന്നുണ്ട്. ഐസിസ് നശിപ്പിച്ച ഇവിടം ക്രൂരമായ കൂട്ടക്കൊലകൾക്ക് സാക്ഷ്യം വഹിച്ചു.’ ലേഖനത്തിൽ പറയുന്നു.
ഇതിനെല്ലാം പിന്നിൽ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും ലേഖനത്തിൽ ചോദിക്കുന്നുണ്ട്. ക്രിസ്തുമതം എളുപ്പത്തിൽ നേടാവുന്ന ലക്ഷ്യമായി കണക്കാക്കപ്പെടുന്നുവെന്നും അതിനുകാരണം അതിന്റെ അനുയായികൾ നിഷ്ക്രിയരായതിനാലാണെന്നും ലേഖനം പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഓർഗനൈസർ എമ്പുരാൻ സിനിമയ്ക്കെതിരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.