KeralaNews

അഹിന്ദുവെന്ന പേരില്‍ വിലക്കരുത്, മന്‍സിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും യുക്തിവാദി സംഘവും ഉള്‍പ്പടെയുള്ള സംഘടനകള്‍

ഇരിങ്ങാലക്കുട: അഹിന്ദു ആയതിനാല്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും നര്‍ത്തകി വിപി മന്‍സിയയെ പിന്തുണച്ചും കൂടുതല്‍ സംഘടനകള്‍. മന്‍സിയക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും പുരോഗമന കലാസാഹിത്യ സംഘവും ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തി. വിശ്വഹിന്ദു പരിഷത്ത്, തപസ്യ കലാസാഹിത്യവേദി, കേരള യുക്തിവാദിസംഘം, പുരോഗമന കലാസാഹിത്യസംഘം എന്നീ സംഘടനകളാണ് വിഷയത്തില്‍ പ്രതികരണമറിയിച്ചത്.

കൂടല്‍മാണിക്യക്ഷേത്രത്തില്‍ മന്‍സിയ എന്ന യുവതിക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച ദേവസ്വംബോര്‍ഡിന്റെ തീരുമാനം അപലപനീയമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. അഹിന്ദുക്കളെയല്ല ക്ഷേത്ര അവിശ്വാസികളെയാണ് ക്ഷേത്രത്തില്‍ തടയേണ്ടത്. ക്ഷേത്രവിശ്വാസമില്ലാത്തവരാണ് അവിശ്വാസികള്‍. യേശുദാസിനെപ്പോലുള്ള ക്ഷേത്രവിശ്വാസികളെ അഹിന്ദു എന്നുപറഞ്ഞ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് അപരിഷ്‌കൃതസമീപനമാണ്. മന്‍സിയയ്ക്ക് ഭരതനാട്യം അവതരിപ്പിക്കാന്‍ അനുമതിനല്‍കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മന്‍സിയക്ക് മതത്തിന്റെപേരില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച കൂടല്‍മാണിക്യം ക്ഷേത്ര അധികാരികളുടെ നടപടിയില്‍ കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. ആചാരങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ തയ്യാറാകണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാനകമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഗംഗന്‍ അഴീക്കോട്, ജനറല്‍ സെക്രട്ടറി ടികെ ശക്തീധരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മത-ജാതി-ലിംഗ ഭ്രഷ്ടുകള്‍ക്കെതിരേ നിയമനിര്‍മാണം ഉണ്ടാകണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനപ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള യോഗ്യത കലാപ്രവര്‍ത്തനത്തിനുള്ള നൈപുണ്യമായിരിക്കണം. അതിനാല്‍ ദേവസന്നിധിയില്‍ കലാപരിപാടി അവതരിപ്പിക്കാന്‍ അവരെ അനുവദിക്കണമെന്നും ദേവസ്വംതീരുമാനം പുനഃപരിശോധിക്കണം ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. രമേശ് കൂട്ടാല, തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി സിസി സുരേഷ് എന്നിവര്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന് കത്തുനല്‍കി.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ശാസ്ത്രീയനൃത്തം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ മന്‍സിയയെ പ്രോത്സാഹിപ്പിക്കാനും പിന്തുണ നല്‍കാനും വിശ്വഹിന്ദുപരിഷത്ത് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വിആര്‍ രാജശേഖരനും അറിയിച്ചു. അഹിന്ദുക്കള്‍ എന്ന് പറയുന്നതുതന്നെ ശരിയല്ല. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്ന ദേവസ്വംബോര്‍ഡ് തീരുമാനം ക്ഷേത്രവിരുദ്ധമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button