കൊച്ചി: കൊവിഡ് 19 പടരുന്നതിനിടെ മാലിദ്വീപിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാവികസേനയുടെ കപ്പലുകൾ ഉപയോഗിച്ച് തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടുള്ള, ഓപ്പറേഷൻ സമുദ്ര സേതു ആദ്യ ഘട്ടം നാളെ ആരംഭിക്കും. ഇതിനായി ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്ക് തിരിച്ച 2 നാവികസേന കപ്പലുകളിലൊന്നായ ഐ.എൻ.എസ്. ജലാശ്വ മാലി തുറമുഖത്ത് എത്തിയതായി മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെ അറിയിച്ചു.
മാലിയിൽ നിന്ന് കൊച്ചിയിലേക്കും, തൂത്തുകുടിയിലേക്കുമാണ് 2 കപ്പലുകളിലായി പ്രവാസികളെ തിരികെയെത്തിക്കുന്നത് എന്ന് ഇന്ത്യൻ ഹൈ കമ്മീഷണർ സഞ്ജയ് സുധീർ അറിയിച്ചു. ഇരു കപ്പലുകളിലുമായി ഏകദേശം രണ്ടായിരത്തിനടുത്ത് ഇന്ത്യക്കാരെയാണ് ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി തിരികെയെത്തിക്കുക. രോഗബാധിതർ, ഗർഭിണികൾ, ജോലി നഷ്ടമായവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന എന്നും അദ്ദേഹം വ്യക്തമാക്കി.
INS ജലാശ്വയിൽ യാത്ര ചെയ്യുന്നതിനായി തിരഞ്ഞെടുത്തവരുടെ വിവരങ്ങൾ ഇന്നലെ വൈകീട്ട് ഹൈ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. മെയ് 8-നു യാത്ര ചെയ്യുന്നവരെ മാലിയിൽ എത്തിക്കുന്നതിനായി പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
https://youtu.be/yhNqHaJKydw