ഓപ്പറേഷൻ പി ഹണ്ട്, ഐ.ടി.വിദഗ്ദനടക്കം 28 പേർ അറസ്റ്റിൽ;ഹാർഡ് ഡിസ്ക്, ലാപ്ടോപ് ഉൾപ്പടെ 420 തൊണ്ടിമുതലും പിടിച്ചെടുത്തു.
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർ പിടിയിൽ. സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിൽ 28 പേരാണ് അറസ്റ്റിലായത്. ഹാർഡ് ഡിസ്ക്, ലാപ്ടോപ് ഉൾപ്പടെ 420 തൊണ്ടിമുതലും പൊലീസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.സംസ്ഥാനത്തെ 477 കേന്ദ്രങ്ങിൽ ഓരേ സമയത്തായിരുന്നു പരിശോധന. കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് ലിങ്കുകൾ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. പണം നൽകിയാണ് ഇത്തരം സൈറ്റുകളിൽ തത്സമയം ദൃശ്യങ്ങൾ കാണുന്നത്. തുടർന്നുള്ള പരിശോധനയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 28 പേർ അറസ്റ്റിലായത്. പിടിയിലായവരിൽ പ്രായപൂർത്തിയാവാത്തവരുമുണ്ട്.
കൊല്ലത്തുള്ള പതിനേഴുകാരൻ മൂന്നാം തവണയാണ് സമാന കേസിൽ പിടിയിലാവുന്നത്. വിദ്യാർത്ഥികൾ, ഐടി മേഖലയിൽ ഉള്ളവർ, ക്യാമറ, മൊബൈൽ കടക്കാർ തുടങ്ങിയവരാണ് കണ്ണികൾ. സാമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കിയാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. 328 കേസ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികൾ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഫോണും ലാപ്ടോപ്പും മൂന്ന് ദിവസത്തിലൊരിക്കൽ ഫോർമാറ്റ് ചെയ്യുകയാണ് പതിവ്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്ന ഓപ്പറേഷൻ പി ഹണ്ട് വഴി സംസ്ഥാനത്ത് ഇതുവരെ 493 പേരെയാണ് പിടിച്ചിട്ടുള്ളത്.