കുട്ടനാട് സീറ്റ് ഏറ്റെടുക്കില്ല; പൊതുസമ്മതന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കുട്ടനാട് കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണ്, ഘടക കക്ഷികളുടെ സീറ്റ് തിരിച്ചെടുക്കുന്ന രീതി കോണ്‍ഗ്രസിനില്ല. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്ടില്‍ പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
മുന്നണിയില്‍ രണ്ടായി തുടരണോ എന്ന കാര്യം കേരള കോണ്‍ഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങള്‍ക്ക് തീരുമാനിക്കാം. പിടി ചാക്കോ ഫൗണ്ടേഷന്‍ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കെ എം മാണിക്ക് നല്‍കുന്ന ചടങ്ങിനിടെയായിരുന്നു പ്രതികരണം.
കെ എം മാണിയുടെ വിയോഗത്തോടെ ആരംഭിച്ച കേരള കോണ്‍ഗ്രസ് എമ്മിലെ തമ്മിലടി മൂലം പാലാ മണ്ഡലം കൈവിട്ടുപോയതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കുട്ടനാട്ടില്‍ നേരിട്ട് മത്സരിക്കാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ്. ഇതിനെ എതിര്‍ത്ത് ജോസഫ് ജോസ് വിഭാഗങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കിയത്.