EntertainmentKeralaNews

സീരിയലിൽ ഒരു ദിവസം മാത്രം 15 വസ്ത്രം വേണം; ബുദ്ധിമുട്ടായപ്പോൾ സ്വയം പരിഹാരം കണ്ടെത്തി അനുമോൾ

കൊച്ചി:മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുമോള്‍. നിരവധി പരമ്പരകളുടെ ഭാഗമായി അനുമോൾ കുടുംബ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക് എന്ന ഷോയിൽ എത്തിയതോടെയാണ്. ഷോയിലൂടെ അനു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

മിമിക്രി താരങ്ങളും ടെലിവിഷൻ താരങ്ങളും പങ്കെടുക്കുന്ന എന്റർടെയ്‌മെന്റ് ഷോയാണ് സ്റ്റാര്‍ മാജിക്. ഷോയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അനു. ഷോയിലെ മറ്റു താരങ്ങൾക്കും പ്രിയങ്കരിയാണ് അനു. പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് അനുവിനെ കാണുന്നത്.

നിഷ്കളങ്കമായ പെരുമാറ്റവും ഗംഭീര എനര്‍ജിയുമാണ് അനുവിനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നതും പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കുന്നതും. അങ്ങനെയാണ് അനു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്തതും.

കഴിഞ്ഞ എട്ട് വർഷത്തോളമായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണെങ്കിലും സ്റ്റാർ മാജിക് ആണ് തന്നെ ആളുകൾ തിരിച്ചറിയാൻ കാരണമായതെന്ന് അനു പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ആര്യനാട് സ്വദേശിനിയാണ് അനു. വളരെ സാധാരണ കുടുംബത്തിൽ ജനിച്ച അനു സ്വന്തം പ്രയത്‌നം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്കു ഉയർന്നത്.

അടുത്തിടെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥി ആയി എത്തിയിരുന്നു അനു. തന്റെ കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം താരം ഷോയിൽ സംസാരിച്ചിരുന്നു. സീരിയൽ രംഗത്ത് തുടക്കകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും അനു മനസ് തുറന്നിരുന്നു.

സീരിയലിൽ ദിവസേന ധാരാളം വസ്ത്രങ്ങൾ ആവശ്യമായിരുന്നെന്നും തനിക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിൽ അത് സാധ്യമാകാതെ വന്നതോടെ മറ്റൊരു വഴി നോക്കിയെന്നുമാണ് അനുമോൾ വെളിപ്പെടുത്തിയത്. അനുവിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

സീരിയലുകളിൽ ദിവസവും പതിനഞ്ചോളം വസ്ത്രങ്ങൾ ആവശ്യമായിരുന്നു. ഒരുദിവസത്തേക്കാണ് ഇത്രയധികം വേഷങ്ങൾ. ആയിരം രൂപ മാത്രമാണ് അന്ന് വരുമാനമായി ലഭിച്ചിരുന്നത്. എടുക്കുന്നതാകട്ടെ, 500, 600 രൂപക്കുള്ള വേഷങ്ങളും. എന്നാൽ, അണിയറപ്രവർത്തകർക്ക് എടുക്കുന്ന വേഷങ്ങളൊന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.

വിലകൂടിയ വസ്ത്രങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒടുവിൽ ഇതിനൊരു പരിഹാരം അനുമോൾ സ്വയം കണ്ടെത്തുകയായിരുന്നു. യുട്യൂബിൽ നോക്കി സ്വയം തയ്യൽ പഠിച്ചു. ഭംഗിയുള്ള വസ്ത്രങ്ങൾ പുറത്തുകൊടുത്ത് തയ്പ്പിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ട് വസ്ത്രങ്ങൾ സ്വയം തയ്ച്ച് അണിയാൻ തുടങ്ങി. ഇപ്പോൾ കൂടുതൽ തിരക്ക് ആയതോടെ തയ്യൽ തത്കാലത്തേക്ക് നിർത്തിയിരിക്കുകയാണെന്നും അനുമോൾ പറയുന്നു.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു പരമ്പരയിൽ അനുമോൾ അഭിനയിക്കുന്നുണ്ട്. അടുത്തിടെ സ്റ്റാർ മാജിക് അവതാരകയായ അനുമോളുടെ വിശേഷങ്ങൾ പങ്കുവച്ച് ചെയ്ത വ്ലോഗിൽ അനുമോളുടെ വീട്ടിലെ വസ്ത്രങ്ങളുടെ കളക്ഷൻ കാണിച്ചിരുന്നു. ഒരു റൂം നിറയെ സീരിയലിലേക്കുള്ള വസ്ത്രങ്ങൾ ഒരുക്കി വെച്ചിരിക്കുകയാണ് താരം. വസ്ത്രങ്ങൾക്ക് അനുസരിച്ച് ഇടാൻ ചെരുപ്പുകളുടെ ഒരു വലിയ ശേഖരവും താരത്തിനുണ്ട്.

ഇതേ വീഡിയോയിൽ അനു സ്വയം അധ്വാനിച്ച് വീട് പുനരുദ്ധാരണം നടത്തിയതും മറ്റും കാണിച്ചിരുന്നു. സ്റ്റാർ മാജിക്കിൽ എത്തിയ ശേഷമാണ് അനുവിന്റെ ജീവിതം മാറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker