EntertainmentNews

സ്വവര്‍ഗാനുരാഗിയായ മേജറെ കുറിച്ചുള്ള സിനിമക്ക് അനുമതി നിഷേധിച്ച് പ്രതിരോധ മന്ത്രാലയം; ഒനീറിന്റെ തിരക്കഥയക്കെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ സേനയില്‍ നിന്നു രാജിവെക്കേണ്ടി വന്ന ഇന്ത്യന്‍ പട്ടാളക്കാരന്റെ ജീവിതം കഥയാക്കിയ സിനിമക്ക് അനുമതി നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. ദേശീയ അവാര്‍ഡ് ജേതാവായ ഒനീറിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥയ്ക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചിരിക്കുന്നത്. തിരക്കഥ വിശദമായി പഠിച്ചെന്നും അനുമതി നല്‍കാനാകില്ലെന്നുമാണ് പ്രതിരോധ മന്ത്രാലയം ഒനീറിന് അയച്ച മറുപടിയില്‍ പറഞ്ഞിരിക്കുന്നത്. സേനയില്‍ മേജര്‍ തസ്തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ ജീവിതമായിരുന്നു സിനിമയാക്കാന്‍ ഉദ്ദേശിച്ചിരിന്നത്.

ഇന്ത്യന്‍ പട്ടാളം പ്രമേയമായോ കഥാപരിസരമായോ വരുന്ന സിനിമകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനാനുമതി നല്‍കുന്നതിന് മുന്‍പ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും അനുമതി നേടിയിരിക്കണമെന്ന നിയമം 2020ലാണ് നിലവില്‍ വരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് ഇതു സംബന്ധിച്ച് പ്രേത്യക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തകള്‍ 2020 ജൂലൈയില്‍ പുറത്തുവന്നിരുന്നു. പട്ടാളത്തിന്റെ പ്രതിച്ഛായക്കോ സേനാംഗങ്ങളുടെ വികാരത്തിനോ മുറിവേല്‍ക്കുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ പുതിയ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഒനീര്‍ തിരക്കഥ പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ 19നായിരുന്നു ഒനീര്‍ ഇമെയില്‍ വഴി തിരക്കഥ അയച്ചത്. ജനുവരി 19നാണ് തിരക്കഥക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി വന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഒനീര്‍ രംഗത്തുവന്നിട്ടുണ്ട്. ‘സ്വാതന്ത്ര്യം നേടി 75 വര്‍ഷവും സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍ കുറ്റമല്ലാതാക്കിയിട്ട് മൂന്ന് വര്‍ഷവും പിന്നിട്ടും ഇവിടെ മനുഷ്യരെ തുല്യതയോടെ പരിഗണിക്കുന്ന കാര്യത്തില്‍ നമ്മള്‍ ബഹുദൂരം പിന്നിലാണ്. ലോകത്തെ 56 രാജ്യങ്ങള്‍ എല്‍.ജി.ബി.ടി.ക്യു അംഗങ്ങളെ ആര്‍മിയില്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ആര്‍മിക്ക് മാത്രം ഇത് ഇപ്പോഴും നിയമവിരുദ്ധമായി തുടരുകയാണ്,’ ഒനീറിന്റെ ട്വീറ്റില്‍ പറയുന്നു.

ഇന്ത്യന്‍ സേനയോട് എന്നും ബഹുമാനവും സ്നേഹവും മാത്രമേയുള്ളുവെന്നും സേനയില്‍ സേവനം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കെതിരെ വിവേചനം പാടില്ലെന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒനീറിന് പിന്തുണയറിച്ചുകൊണ്ടും പ്രതിരോധ മന്ത്രാലയത്തിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ടും സിനിമാമേഖലയില്‍ നിന്നുള്ളവരടക്കം നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.

ആര്‍മിയുടെ ഈ നിലപാടും നടപടികളും സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒനീറിന്റെ ദേശീയ പുരസ്‌കാരം നേടിയ ഐ ആം എന്ന ചിത്രത്തില്‍ മാതൃത്വം, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രതിപാദിച്ചിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ വരെ മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. 2011ലായിരുന്നു സിനിമ ഇറങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button