മുംബൈ:വൺപ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ളസ് നോർഡ് 2ടി 5ജി സ്മാർട്ഫോൺ ഈ മാസം അവസാനത്തോട് കൂടി ഇന്ത്യയിലെ വിപണിയിൽ എത്താൻ സാദ്ധ്യതയുള്ളതായി വാർത്തകൾ. ഇതിനോടകം ലോകത്തിലെ മറ്റ് വിപണികളിൽ വൺപ്ളസിന്റെ നോർഡ് 2ടി 5ജി മോഡൽ സാന്നിദ്ധ്യം അറിയിച്ചെങ്കിലും ഇന്ത്യയിലേക്കുള്ള വരവ് വൈകുകയായിരുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ളസിന്റെ ഏറ്റവും വലിയ ആകർഷണം. 50 മെഗാപിക്സൽ ക്യാമറയോട് കൂടി വരുന്ന സ്മാർട്ഫോണിന് 80 വാട്ടിന്റെ ഫാസ്റ്റ് ചാർജിംഗുള്ള 4,500എം എ എച്ച് ബാറ്ററി പാക്കും ഉണ്ട്.
എന്നാൽ നോർഡ് 2ടിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ വില തന്നെയായിരിക്കുമെന്നാണ് മാർക്കറ്റ് വിദഗ്ദ്ധർ പറയുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 30,000 രൂപയിൽ താഴെയായിരിക്കും നോർഡ് 2ടി 5ജിയുടെ ഇന്ത്യയിലെ വില. ഓണലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണിലും നോർഡ് 2ടി 5ജി വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് വിവരം.
നോർഡ് 2ടി 5ജിയുടെ ബേസ് മോഡലായ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 399 യൂറോയും (ഏകദേശം 33,400 രൂപ), 12 ജിബി റാം + 256 ജിബി വേരിയന്റിന് 499 യൂറോയുമാണ് (ഏകദേശം 41,600 രൂപ) വിദേശ മാർക്കറ്റിൽ വില വരുന്നത്. കഴിഞ്ഞ മാസമാണ് ഈ മോഡലുകൾ യൂറോപ്പിൽ വൺപ്ളസ് അവതരിപ്പിക്കുന്നത്. ഗ്രേ ഷാഡോ, ജേഡ് ഫോഗ് എന്നീ കളർ ഓപ്ഷനുകളിലാണ് നോർഡ് 2ടി 5ജി നിലവിൽ വിദേശ മാർക്കറ്റിൽ എത്തുന്നത്. എന്നാൽ ഇന്ത്യയിൽ ഇതേ കോൺഫിഗറേഷനിലും ഇതേ കളർ വേരിയന്റിലും തന്നെ നോർഡ് 2ടി 5ജിയെ വൺപ്ളസ് അവതരിപ്പിക്കും എന്നുറപ്പില്ല. ഇന്ത്യൻ മാർക്കറ്റിന് ഇണങ്ങുന്ന വിധത്തിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാകും നോർഡ് 2ടി 5ജി എത്തുകയെന്നാണ് ടെക് വിദഗ്ദ്ധരുടെ നിഗമനം.
എങ്കിൽപോലും വിദേശ മോഡലുകളിലെ സ്പെസിഫിക്കേഷനിൽ നിന്നും വലിയ വ്യത്യാസം വരാൻ സാദ്ധ്യത കുറവാണ്. ഓക്സിജൻ ഒഎസ് 12.1 ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. ഗ്ളോബൽ വേരിയന്റായ ആൻഡ്രോയിഡ് 12നെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് ഓക്സിജൻ 12.1. കൂടാതെ 90 ഹെർട്സ് റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുള്ള 6.43-ഇഞ്ചിന്റെ ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയും സ്മാർട്ഫോണിലെ ദൃശ്യങ്ങൾക്ക് മികച്ച് വ്യക്തത നൽകും.
ഫോട്ടോഗ്രഫിയിൽ താത്പര്യമുള്ളവർക്കായി 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസർ അടക്കമുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് നോർഡ് 2ടി 5ജിയിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിനുപുറമേ 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുണ്ട്. 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമായാണ് ഹാൻഡ്‌സെറ്റ് വരുന്നത്