അമേരിക്കയിലെ വീണ്ടും വെടിവയ്പ്പ്, ഒരു മരണം, അക്രമി പിടിയിൽ
വാഷിംഗ്‍ടൺ: അമേരിക്കയിലെ അലബാമയിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം. രണ്ടുപേർക്ക് പരിക്കേറ്റു. സെന്റ് സ്റ്റീഫൻസ് എപിസ്കോപൽ ചർച്ചിലാണ് വെടിവയ്പ്പ് നടന്നത്. പള്ളിയിലെത്തിയ അക്രമി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ മാസം അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ 21 പേർ മരിച്ചിരുന്നു. 18-കാരൻ നടത്തിയ വെടിവയ്‌പ്പിൽ 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളിൽ ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാര്‍ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇയാളെ പോലീസ് വെടിവച്ചു കൊന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് അറിയിച്ചു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷമാണ് റമോസ് സ്കൂളിലെത്തി വെടിവയ്‌പ് നടത്തിയതെന്നും റിപ്പോർട്ടുണ്ട്.