CrimeKeralaNews

മൂവാറ്റുപുഴയിലെ കമ്പനിയില്‍ നിന്ന് ഒന്നരക്കോടി തട്ടിയെടുത്തു; ജീവനക്കാരിയും ഡോക്ടറായ മകളും അറസ്റ്റില്‍

കൊച്ചി:മൂവാറ്റുപുഴയില്‍ ആയുര്‍വേദ ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായത് കമ്പനിയിലെ ജീവനക്കാരിയും ഡോക്ടറായ മകളും. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദ്രോണി ആയുര്‍വേദ’ എന്ന സ്ഥാപനത്തില്‍നിന്ന് പണം തട്ടിയകേസിലാണ് ജീവനക്കാരിയായ കോതമംഗലം തൃക്കാരിയൂര്‍ വിനായകം വീട്ടില്‍ രാജശ്രീ എസ്. പിള്ള (52), മകള്‍ ഡോ. ലക്ഷ്മി നായര്‍ (25) എന്നിവരെ പോലീസ് പിടികൂടിയത്.

പലതവണകളായി കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടുകളിലേക്കും മകളുടെ അക്കൗണ്ടിലേക്കുമാണ് രാജശ്രീ പണം മാറ്റിയത്. ബിസിനസ് വര്‍ധിച്ചിട്ടും അക്കൗണ്ടില്‍ പണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമ ജീവനക്കാരെ നിരീക്ഷിക്കുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തതോടെയാണ് രാജശ്രീയുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയത് വ്യക്തമായത്. തുടര്‍ന്ന് ഇതുസംബന്ധിച്ച പരമാവധി തെളിവുകളും വിവരങ്ങളും ശേഖരിച്ചശേഷം പോലീസിന് പരാതി നല്‍കുകയായിരുന്നു.

അറസ്റ്റിലായ രാജശ്രീ മൂന്നുവര്‍ഷം മുന്‍പാണ് സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെന്ന് പരാതിക്കാരനും ‘ദ്രോണി ആയുര്‍വേദ’ കമ്പനിയുടമയുമായ കിഷോര്‍ പറഞ്ഞു. കമ്പനിയില്‍ അക്കൗണ്ട്‌സ്, ടെലിമാര്‍ക്കറ്റിങ് വിഭാഗത്തിലായിരുന്നു രാജശ്രീയുടെ ജോലി. ഓഫീസില്‍ നേരത്തെ വന്ന് വൈകി മാത്രം ജോലികഴിഞ്ഞ് പോകുന്നയാളായിരുന്നു. അത്തരത്തില്‍ പ്രതി വിശ്വാസ്യത നേടിയെടുത്തു. പക്ഷേ, മൂന്നുവര്‍ഷത്തിനിടെ പലതവണകളായാണ് ഇവര്‍ പണം തട്ടിയെടുത്തതെന്നും പരാതിക്കാരൻ പറയുന്നു.

”വിദഗ്ധമായാണ് അവര്‍ കൃത്രിമം കാണിച്ച് പണം തട്ടിയെടുത്തത്. കമ്പനിയില്‍ നന്നായി ബിസിനസ് നടന്നിട്ടും അക്കൗണ്ടില്‍ പണമൊന്നും വന്നിരുന്നില്ല. ബിസിനസ് കൂടിയിട്ടും പണം കാണാത്തതിനാലാണ് ഇക്കാര്യം പരിശോധിക്കാന്‍ തുടങ്ങിയത്. കമ്പനിയിലെ അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍ പരിശോധിച്ചപ്പോള്‍ അതിലെ കണക്കുകളെല്ലാം കൃത്യമായിരുന്നു. പക്ഷേ, ആ തുകയൊന്നും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പരിശോധന നടത്തിയത്. ആദ്യം സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് ഇക്കാര്യം പറഞ്ഞു. മുഴുവന്‍ രേഖകളും ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ജീവനക്കാരിയുടെ തട്ടിപ്പ് കണ്ടെത്തിയത്” ഉടമ വിശദീകരിച്ചു.

കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് പുറമേ കമ്പനിയുടെ ഉപഭോക്താക്കളില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയും രാജശ്രീ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കമ്പനിയുടെ പുതിയ ഉപഭോക്താക്കളില്‍നിന്നാണ് ഇത്തരത്തില്‍ പണം തട്ടിയത്. കമ്പനിയുടെ അക്കൗണ്ടെന്ന് പറഞ്ഞ് സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. മാത്രമല്ല, കമ്പനിയില്‍നിന്ന് ചില ആയുര്‍വേദ ഉപകരണങ്ങള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതായും പരാതിയുണ്ട്.

കമ്പനിയുടെ പണം രാജശ്രീയുടെ മകള്‍ ഡോ.ലക്ഷ്മി നായരുടെ അക്കൗണ്ടിലേക്കും അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ലക്ഷ്മി നായര്‍ റഷ്യയില്‍ എം.ബി.ബി.എസിന് പഠിക്കുന്ന കാലയളവില്‍തന്നെ ഇത്തരത്തില്‍ പലതവണ പണം മാറ്റിയിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. മകളുടെ ഒരു അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപയാണ് രാജശ്രീ മാറ്റിയത്. മകളുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും കൈമാറി. റഷ്യയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയ ലക്ഷ്മി നായര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് യു.കെ.യില്‍ ജോലിക്കായി പോയത്. അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ വിവാഹവും കഴിഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കൈയോടെ പിടികൂടിയപ്പോള്‍ പണം കൈക്കലാക്കിയെന്ന് രാജശ്രീ സമ്മതിക്കുകയായിരുന്നു. മക്കളുടെ വിദ്യാഭ്യാസച്ചെലവിനായി പണം തട്ടിയെടുത്തെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞിരുന്നത്. ഇതില്‍ 50 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നും പറയുന്നു. ഇതുസംബന്ധിച്ച ബാക്കി കാര്യങ്ങളെല്ലാം പോലീസ് അന്വേഷിച്ചുവരികയാണെന്നും പരാതിക്കാരൻ പറഞ്ഞു.

മൂവാറ്റുപുഴയിലെ തട്ടിപ്പ് കേസില്‍ രാജശ്രീ പിടിയിലായതോടെ ഇവരെസംബന്ധിച്ച് കൂടുതല്‍ പരാതികളും ആരോപണങ്ങളും ഉയരുന്നുണ്ട്. രാജശ്രീ മുന്‍പ് ജോലിചെയ്തിരുന്ന സ്ഥാപനങ്ങളിലും സമാന തട്ടിപ്പ് നടത്തിയിരുന്നതായി പലരും പരാതിക്കാരനെ വിളിച്ച് പറയുന്നുണ്ട്. മാത്രമല്ല, സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയുമായി രാജശ്രീ നിരന്തരം ആശയവിനിമയം നടത്തിയതിന്റെ സൂചനകളും പരാതിക്കാരന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വാട്‌സാപ്പ് ചാറ്റുകളടക്കം പോലീസ് കണ്ടെടുത്തതായാണ് വിവരം.

ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എക്‌സിറ്റടിക്കാതെ മടങ്ങിവന്നതിന് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു എന്നതു സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന സൂചനയും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതും അന്വേഷണപരിധിയിലുണ്ടെന്നാണ് വിവരം.

ആയുര്‍വേദ സ്ഥാപനത്തില്‍നിന്ന് ഒന്നരക്കോടിയോളം തട്ടിയെടുത്ത കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നായിരുന്നു മൂവാറ്റുപുഴ എസ്.എച്ച്.ഒ.യുടെ പ്രതികരണം. കേസില്‍ നിലവില്‍ രണ്ടുപ്രതികളാണുള്ളത്. ഇവര്‍ റിമാന്‍ഡിലാണ്. ഇരുവരെയും ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്നും എസ്.എച്ച്.ഒ. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker