കോട്ടയം: ഓണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ടിക്കറ്റിൻ്റെ ഉടമയെ ഇതുവരെ കണ്ടെത്താനായില്ല. കോട്ടയം പാലായിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. പാലായിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്ന് പാപ്പച്ചൻ എന്ന ചെറുകിട ലോട്ടറി ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ചു കോടി കിട്ടിയത്. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്ന് ഓർമയില്ലെന്ന് പാപ്പച്ചൻ പറഞ്ഞു. ഇടപ്പാടി സ്വദേശിയായ ഡ്രൈവർക്കാണ് സമ്മാനം കിട്ടിയതെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. ഇതോടെ അഞ്ച് കോടി സമ്മാനം നേടിയ ഭാഗ്യവാനായി കാത്തിരിപ്പ് തുടരുകയാണ്.
25 കോടിയുടെ തിരുവോണം ബംബർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപിനാണ് ലഭിച്ചത്. പഴവങ്ങാടിയിൽ നിന്നും ഇന്നലെ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. കോട്ടയം പാലായിൽ മീനാക്ഷി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ഖി ഭവനിൽ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിൻ്റെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യനമ്പര്‍ TJ 75 06 05 ആണെന്ന് വ്യക്തമായതോടെ ഓണക്കാലത്തെ ഭാഗ്യവാനെ തേടി നാലും വഴിക്കും അന്വേഷണം തുടങ്ങി. ഇന്നലെ പഴവങ്ങാടി ഭഗവതി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് തിരിച്ചറിഞ്ഞതോടെ തിരുവനന്തപുരം നഗരത്തിനുള്ളിൽ തന്നെ ഭാഗ്യവാനുണ്ടെന്ന് വ്യക്തമായി. ഒടുവിൽ മലയാളികൾ ആകാക്ഷയോടെ കാത്തിരുന്ന ആ നിമിഷം എത്തി. ശ്രീവരാഹം സ്വദേശി അനൂപ് ടിക്കറ്റുമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓണം ബമ്പറിലൂടെ ഭാഗ്യദേവത ഓട്ടോയ്ക്ക് കൈ കാണിച്ചു.
സമ്പാദ്യക്കുടുക്ക പൊട്ടിച്ചെടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചതറിഞ്ഞ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് അനൂപും കുടുംബവും. ഹോട്ടലിൽ ഷെഫായും ഓട്ടോ ഓടിച്ചുമാണ് അനൂപ് കുടുംബം നോക്കുന്നത്. മലേഷ്യയിൽ ഷെഫ് ആയി ജോലി ശരിയായതോടെ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് പോകാനുള്ള തന്ത്രപ്പാടിലായിരുന്നു അനൂപ്. ഇന്നലെ പാസായ അഞ്ച് ലക്ഷത്തിൻറെ വായ്പ ലോട്ടറി അടിച്ചതോടെ വേണ്ടെന്ന് വിളിച്ച് പറഞ്ഞു. ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നാട്ടിൽ തന്നെ കൂടാനാണ് അനൂപിൻ്റെ പദ്ധതി.
25 കോടി ഒന്നാം സമ്മാനമടിച്ച ഭാഗ്യവാന്കയ്യിൽ കിട്ടുന്നത് 15.75 കോടി രൂപയാണ്. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കഴിച്ചുള്ള തുകയാണിത്. രണ്ടാം സമ്മാനം 5 കോടി രൂപ ഒരാൾക്ക്. മൂന്നാം സമ്മാനം ഒരുകോടി രൂപ വീതം പത്തുപേര്‍ക്ക് . ആകെ 126 കോടി രൂപയുടെ സമ്മാനം. 9 പേര്‍ക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവുമുണ്ട്.