ഒമിക്രോൺ XE വകഭേദം ഇന്ത്യയിലും,ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതൽ
ന്യൂഡൽഹി:കൊവിഡിന്റെ (Covid) പുതിയ വകഭേദമായ XE ഇന്ത്യയിലും സ്ഥിരീകരിച്ചു. മുംബൈയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. അതി തീവ്ര വ്യാപനശേഷിയുള്ള വകഭേദമാണിത്. ഒമിക്രോണിനെക്കാൾ 10 ശതമാനം പകർച്ചശേഷി കൂടുതലുള്ളതാണ് XE വകഭേദം.
എന്താണ് XE വകഭേദം?
ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദങ്ങളിൽ ഏറ്റവും പകർച്ച ശേഷി കൂടിയതാണിത്. ലോകമെങ്ങും മൂന്നാം തരംഗത്തിന്
കാരണമായ ബി എ ടൂ ഒമിക്രോൺ വകഭേദത്തെക്കാൾ XE വകഭേദത്തിന് 10 % പകർച്ച ശേഷി കൂടുതലുണ്ട്. ബ്രിട്ടനിൽ 660 പേരിൽ XE സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോണിന്റെ തന്നെ ജനിതക വ്യതിയാനം വന്ന രൂപമാണിത്. ബി എ വൺ, ബി എ ടൂ ഒമിക്രോൺ വകഭേദങ്ങളുടെ സംയോജിത രൂപമാണ് XE എന്ന് ഗവേഷകർ പറയുന്നു. വാക്സിനേഷൻ കൂടുതലായി നടന്നതിനാൽ, ഡെൽറ്റ വ്യാപിച്ചതുപോലെ, XE ഇന്ത്യയിൽ വലിയ തോതിൽ വ്യാപിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കേരളത്തില്‍ 361 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് 361 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,228 ആയി.