FeaturedKeralaNews

ഒമൈക്രോണ്‍: അതീവ ജാഗ്രതയില്‍ സംസ്ഥാനം; ആരോഗ്യവകുപ്പ് അടിയന്തര ഉന്നതതലയോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഒമൈക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ് അടിയന്തര ഉന്നതതലയോഗം വിളിച്ചു. രാവിലെ 11 മണിയ്ക്കാണ് യോഗം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

ഇന്നലെ നാലുപേര്‍ക്ക് കൂടി സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള ശ്രമം നടക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ ഉണ്ടായാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്നതും യോഗം ചര്‍ച്ച ചെയ്യും. ഇതിനായി ആശുപത്രികള്‍ സജ്ജമാക്കുന്നതിലെ നടപടികളും യോഗം വിലയിരുത്തും. മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

നാലുപേര്‍ക്കുകൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവജാഗ്രതയിലാണ്. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. പോസിറ്റീവാകുന്നവരുടെ ഫലം ജനിതക ശ്രേണീകരണത്തിന് അയക്കും. എറണാകുളത്തും തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ആദ്യം ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യയും ഭാര്യമാതാവുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍. കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയും യുകെയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിനിയുമാണ് മറ്റുള്ളവര്‍. സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.

ബ്രിട്ടനില്‍ നിന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശിയായ യുവതി (25), കോംഗോയില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ഉദയംപേരൂര്‍ സ്വദേശി (34), ബ്രിട്ടനില്‍ നിന്നും കൊച്ചിയിലെത്തി കഴിഞ്ഞ ഞായറാഴ്ച ഒമൈക്രോണ്‍ സ്ഥിരീകരിച്ച ആളുടെ ഭാര്യ (36), ഭാര്യാമാതാവ് (55) എന്നിവര്‍ക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘം ഇന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംഘം തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച കേസ് ഷീറ്റുകള്‍ പരിശോധിച്ചു. വ്യക്തതയില്ലാത്ത കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ വിശദീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker