ഡെല്‍റ്റയെയും മറികടന്ന് ഒമൈക്രോണ്‍ പടരുന്നു; ഒരാഴ്ചയ്ക്കിടെ 1.5 കോടി പേര്‍ക്ക് കൊവിഡ്, 55 ശതമാനം വര്‍ധനയെന്ന് ലോകാരോഗ്യസംഘടന
ജനീവ: കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തെയും മറികടന്ന് ലോകത്ത് ഒമൈക്രോണ്‍ വ്യാപിക്കുന്നതായി ലോകാരോഗ്യസംഘടന. ജനുവരി മൂന്നുമുതല്‍ ഒമ്പതു വരെയുള്ള ഒരാഴ്ച ലോകത്ത് 1.5 കോടി പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രതിവാര കൊവിഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിവാര രോഗ നിരക്കും മുന്‍ ആഴ്ചയേക്കാള്‍ 55 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവില്‍ ലോകത്തെ കൊവിഡ് ബാധിതരില്‍ 59 ശതമാനം പേരിലും ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തീവ്രവ്യാപനശേഷിയുള്ള ഒമൈക്രോണ്‍ വകഭേദമാണ് ‘കോവിഡ് സുനാമി’ക്ക് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തെക്കുകിഴക്ക് ഏഷ്യയിലാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. 400 ശതമാനമാണ് വര്‍ധന. ഇന്ത്യ, തിമോര്‍ ലെസ്റ്റ്, തായ്ലന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായത്. ബ്രിട്ടനിലും അമേരിക്കയിലും ഒമൈക്രോണ്‍ വ്യാപനം ഉച്ചസ്ഥായിയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ കൊവിഡ് രോഗികളില്‍ 78 ശതമാനമാണ് വര്‍ധന. ഏറ്റവും കൂടുതല്‍ രോഗികള്‍ യുഎസിലാണ് 46.10 ലക്ഷം. രോഗബാധിതരുടെ എണ്ണം മുന്‍ ആഴ്ചയേക്കാള്‍ 73 ശതമാനം വര്‍ധിച്ചിട്ടുണ്ട്. യൂറോപ്പില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയുണ്ടായി. മഹാമാരിയുടെ ഗതി ഏത് വിധമായിരിക്കുമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയാണ്. ഒമൈക്രോണ്‍ വാക്സിനെ അതിജീവിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
നാലു മാസത്തിനുശേഷം ജപ്പാനില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. ടോക്യോയില്‍മാത്രം 2198 രോഗികളാണുള്ളത്. കഴിഞ്ഞദിവസം ഇത് 962 മാത്രമായിരുന്നു. സെപ്തംബര്‍ നാലിനുശേഷം ആദ്യമായാണ് നഗരത്തില്‍ ഒറ്റ ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2000 കടക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയും പൂര്‍ണ വാക്സിന്‍ സ്വീകരിച്ചവരാണ്. റഷ്യയില്‍ പ്രതിദിന കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആറു മടങ്ങായി ഉയരാന്‍ സാധ്യതയെന്ന് രാജ്യത്തെ പൊതുജനാരോഗ്യ ഏജന്‍സി മേധാവി വ്യക്തമാക്കി.