ആശങ്കയോടെ രാജ്യം; ഒമിക്രോണ്‍ ബാധിതര്‍ ആയിരത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. നിലവില്‍ 961 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം ഡല്‍ഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത്, കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നവംബര്‍ 26നാണ് ഇതിന് മുന്‍പ് അവസാനമായി പതിനായിരം കടന്നത്. അന്ന് 10,549 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാണ് കാണുന്നത്.മുംബൈയില്‍ മാത്രം ഇന്നലെ 2500ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണ്.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്ത് വന്നിട്ടുണ്ട്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ ‘ഇരട്ട ഭീഷണി’ ആണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചേക്കാം. കോവിഡ് ‘സുനാമി’ തന്നെ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.
ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ആശുപത്രിയില്‍ ആകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ഡബ്ലിയു എച്ച് ഒ മേധാവി പറഞ്ഞു.