ജമ്മു-കശ്മീരിൽ ഒമർ അബ്ദുള്ള;ഹരിയാണയിൽ സൈനി തുടരും
ന്യൂഡൽഹി: ഇന്ത്യസഖ്യത്തിന്റെ വിജയത്തോടെ ജമ്മു-കശ്മീരിൽ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ തിരിച്ചുവരവ് ഉറപ്പായി. പ്രത്യേകപദവി റദ്ദാക്കിയതിനുശേഷംനടന്ന ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ, കശ്മീർ വിഷയത്തിൽ ബി.ജെ.പി.യുടെ കടുത്തവിമർശകരായ നാഷണൽ കോൺഫറൻസിന്റെ ജയം കേന്ദ്രത്തിലെ മോദിസർക്കാരിന് തിരിച്ചടിയാണ്. കശ്മീരിലെ സുപ്രധാന നേതൃമുഖമായ ഒമറിന്റെയും പാർട്ടിയുടെയും വിജയം ദേശീയരാഷ്ട്രീയത്തിൽ ഇന്ത്യസഖ്യത്തിന് നേട്ടവുമാണ്. വൻഭൂരിപക്ഷത്തോടെ ജമ്മു-കശ്മീർ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമർ നടത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാരാമുള മണ്ഡലത്തിൽ ജയിലിൽക്കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി എൻജിനിയർ റാഷിദിനോട് നാലരലക്ഷം വോട്ടിന് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം ഇനി ഒമറിന് മറക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഒമർ ശപഥമെടുത്തിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിജ്ഞമറന്ന് ഒമർ രണ്ട് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങി. പാർട്ടിയുടെ ശക്തി തെളിയിക്കാൻ വീണ്ടും കളത്തിലിറങ്ങുകയായിരുന്നു. ആ രാഷ്ട്രീയനീക്കത്തിന് ജനവിധി അനുകൂലമാവുകയും ചെയ്തു.
ഹരിയാണയിലെ ഹാട്രിക് ജയത്തോടെ മുഖ്യമന്ത്രി നയാബ് സിങ് സൈനി ബി.ജെ.പി. സർക്കാരിനെ തുടർന്നും നയിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിപദവിയിൽ 200 ദിവസംകഴിഞ്ഞ സൈനി ഇനി ഹരിയാണയിൽ ബി.ജെ.പി.യെ നയിക്കും. കഴിഞ്ഞ മാർച്ച് 12-നാണ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
ഒ.ബി.സി. നേതാവായ സൈനിയെ ഉയർത്തിക്കാട്ടിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 10 വർഷം അധികാരത്തിലിരുന്ന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബി.ജെ.പി. സൈനിയെ രംഗത്തിറക്കിയത്. മുൻമുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കർഷകപ്രക്ഷോഭത്തെ കൈകാര്യംചെയ്ത രീതി പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചതിന് പിന്നാലെയായിരുന്നു അത്.
നേരത്തേ സംസ്ഥാന അധ്യക്ഷനായിരുന്ന സൈനി പാർട്ടിയുടെ അടിത്തറയറിഞ്ഞാണ് കരുനീക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചുസീറ്റ് നഷ്ടപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി കേടുതീർക്കാൻ സൈനിക്കു സാധിച്ചു.
ഭൂപീന്ദർ ഹൂഡയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജാട്ട് വോട്ടുകളിൽ ശ്രദ്ധയൂന്നിയപ്പോൾ, ഒ.ബി.സി. മുഖമായ സൈനിയിലൂടെ ബി.ജെ.പി. പിന്നാക്ക വോട്ടുകൾ പെട്ടിയിലാക്കി. സൈനിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ പാർട്ടിക്കുള്ളിൽ വിമതസ്വരമായ മുതിർന്നനേതാവ് അനിൽ വിജിനെയും ചേർത്തുനിർത്തി.