യാത്രക്കാരെ തടഞ്ഞ് വാട്‌സ്ആപ്പ് പരിശോധന; പോലീസ് നടപടി വിവാദത്തില്‍
ഹൈദരാബാദ്: ഹൈദരാബാദില്‍ വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തിയുള്ള പോലീസിന്റെ ഫോണ്‍ പരിശോധന വിവാദത്തില്‍. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്സാപ്പ് ചാറ്റും, ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയുമാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രകടമായ സ്വകാര്യത ലംഘനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ഹൈദരാബാദില്‍ കഞ്ചാവ് കടത്തോ ഉപയോഗമോ അനുവദിക്കരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫോണ്‍ പിടിച്ചുവാങ്ങിയുള്ള പരിശോധന. ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തി, അവരുടെ ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നതും ശേഷം സെര്‍ച്ച് ബോക്സില്‍ കഞ്ചാവ് പോലുള്ള വാക്കുകള്‍ ടൈപ്പ് ചെയ്ത് അതുമായി ബന്ധപ്പെട്ട ചാറ്റ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.
പരിശോധനയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സൗത്ത് സോണ്‍ ഡിസിപി ഗജ്റാവു ഭൂപാല്‍ പറയുന്നതനുസരിച്ച്, അസദ്ബാബ നഗര്‍ പ്രദേശത്ത് 100-ലധികം പോലീസുകാര്‍ തിരച്ചില്‍ നടത്തി. 58 വാഹനങ്ങളും പരിശോധിച്ചു.