തോരാ മഴയിലെ തീരാ ദുരിതം; മുട്ടോളം വെള്ളത്തില്‍ വയോധികന് ചിതയൊരുക്കി ബന്ധുക്കള്‍
ഹരിപ്പാട്: തോരാതെ പെയ്യുന്ന മഴയില്‍ വീട്ടുവളപ്പില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് മെറ്റല്‍ ഇറക്കി നിലം ഉയര്‍ത്തിയ അതിന് മുകളില്‍ സിമന്റ് ഇഷ്ടികകള്‍ നിരത്തി ഇരുമ്പ് ദഹനപ്പെട്ടിയില്‍. പ്രളയക്കെടുതിക്കിടയില്‍ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കൂടിയായിരുന്ന കാഞ്ഞൂര്‍ ലക്ഷ്മീ നിവാസില്‍ രാഘവന്‍പിള്ള (97)യുടെ മൃതദേഹം സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടത്. പ്രായാധിക്യം മൂലം അവശനിലയിലായിരുന്ന രാഘവന്‍പിള്ള ശനിയാഴ്ചയാണ് മരിച്ചത്.
തുടരെ പെയ്ത കനത്ത മഴയില്‍ നങ്ങ്യാര്‍കുളങ്ങര ഭുവി കണ്‍വെന്‍ഷന്‍ സെന്ററിന് പുറകുവശത്തുള്ള രാഘവന്‍പിള്ളയുടെ വീട്ടുവളപ്പിലും വെള്ളം കയറിയിരുന്നു. മുട്ടൊപ്പം ഉയര്‍ന്ന വെള്ളക്കെട്ടില്‍ ചിതയൊരുക്കുന്നത് വളരെ ദുഷ്‌ക്കരമായിരുന്നു. എങ്കിലും ബന്ധുക്കള്‍ കൂടിയാലോചിച്ച് വീട്ടുവളപ്പില്‍ തന്നെ ചിതയൊരുക്കി സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
അതിനായി രണ്ടു ലോഡ് മെറ്റല്‍ കഷണങ്ങള്‍ ഇറക്കി മൃതദേഹം സംസ്‌ക്കരിക്കുന്ന സ്ഥലത്ത് ചതുരാകൃതിയില്‍ നിലം ഉയര്‍ത്തി. അതിന് മുകളില്‍ സിമന്റ് ഇഷ്ടികകള്‍ നിരത്തി, സിമന്റ് ഇഷ്ടികകള്‍ക്ക് മുകളില്‍ ഇരുമ്പ് ദഹനപ്പെട്ടി വച്ച് അതിനുള്ളില്‍ ചിതയൊരുക്കുകയായിരിന്നു. ഇന്നലെ രാവിലെ 11 മണിയോടെ രാഘവന്‍പിള്ളയുടെ സംസ്‌ക്കാരം നടത്തിയത്. പരേതയായ പൊന്നമ്മയാണ് ഭാര്യ.