
തിരുപ്പൂര്‍: തിരുപ്പൂരില്‍ ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി അതിഥിത്തൊഴിലാളിയായ ഒഡിഷക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ മുഹമ്മദ് നദീം (23), മുഹമ്മദ് ഡാനിഷ് (25), 17 -കാരന്‍ എന്നിവരെ തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവിന്റെയും കുട്ടിയുടെയും മുന്നിലാണ് യുവതി കൂട്ട ബലാത്സംഗത്തിനിരയായത്.
ലൈംഗികാതിക്രമത്തിന് ഇരയായ 24-കാരി തിരുപ്പൂരിനടുത്ത് തെക്കലൂരിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഭര്‍ത്താവുമൊത്ത് ജോലിചെയ്തുവരികയായിരുന്നു. ജോലി ഇഷ്ടപ്പെടാത്തതിനാല്‍ ഇവര്‍ ഒഡിഷയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, തിരുപ്പൂര്‍ റെയില്‍വേസ്റ്റേഷനുസമീപം നില്‍ക്കുമ്പോഴാണ് പ്രതികള്‍ അവരെ പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു.
തങ്ങള്‍ ജോലിചെയ്യുന്ന വസ്ത്രനിര്‍മാണശാലയില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തശേഷം പ്രതികള്‍ ഇവരെ ലക്ഷ്മിനഗറിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വേറെ താമസസൗകര്യം ഉടന്‍ ഒരുക്കാമെന്നും പ്രതികള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ചരാത്രി ഭക്ഷണം വാങ്ങി നല്‍കിയശേഷം ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി മൂവരും പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
ചൊവ്വാഴ്ച പ്രതികളുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട കുടുംബം, തിരുപ്പൂര്‍ നോര്‍ത്ത് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.