പത്തനംതിട്ട:കോട്ടാങ്ങലില്‍ രണ്ടുവര്‍ഷം മുന്‍പ് നഴ്‌സിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തടിക്കച്ചവടക്കാരന്‍ നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
2019ലാണ് സംഭവം. 26 വയസുള്ള നഴ്‌സിനെ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കാമുകന്റെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത് എന്ന കാരണത്താല്‍ സംശയം മുഴുവന്‍ കാമുകന്റെ നേര്‍ക്ക് തിരിഞ്ഞു. കാമുകനാണ് മരണത്തിന് പിന്നിലെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. കേസില്‍ സംശയിച്ച് കാമുകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് അന്ന് വാര്‍ത്തായിരുന്നു.
അന്ന് കാമുകനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നു. തുടര്‍ന്ന് കാമുകന്‍ തന്നെ നടത്തിയ നിയമപോരാട്ടത്തിലാണ് സത്യം പുറത്തുവന്നത്. ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മല്ലപ്പള്ളി സ്വദേശിയായ നസീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കാമുകനും അച്ഛനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് യുവതിയെ നസീര്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ നഴ്‌സിന്റെ തല കട്ടിലില്‍ ഇടിച്ച് ബോധം നഷ്ടപ്പെട്ടു. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പീഡിപ്പിച്ചശേഷം നഴ്‌സിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
വഴിത്തിരിവായത് കാമുകന്റെ നിയമപോരാട്ടം
അപരിചിതരായ ആളുകളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളും ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടും കേസില്‍ നിര്‍ണായകമായി. യുവതിയുടെ നഖത്തിന്റെ അടിയില്‍ നിന്ന് ലഭിച്ച രക്തവും തൊലിയും അടക്കം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും പ്രതിയിലേക്ക് എത്തുന്നതില്‍ നിര്‍ണായകമായി. തുടര്‍ന്ന് മൂന്ന് തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച
ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.