BusinessNews

വാട്സ്ആപ്പിൽ ഇനി എഐ സ്റ്റിക്കറുകൾ;അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്‌

മുംബൈ:ഫേസ്ബുക്ക്, വാട്സ്ആപ്പ് (WhatsApp) എന്നിവയുടെ മാതൃകമ്പനിയായ മെറ്റ് അടുത്തിടെ പുതിയ നിരവധി എഐ ടൂളുകളും ഫീച്ചറുകളും അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പിന് വേണ്ടിയുള്ള എഐ പ്രൊഡക്റ്റുകളും ഫീച്ചറുകളുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ എഐ ഫീച്ചറുകൾ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത്തരത്തിൽ പുതുതായി അവതരിപ്പിച്ച ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയം എഐ സ്റ്റിക്കറുകളാണ്. മികച്ച ഫീച്ചറാണ് ഇത്.

വാട്സ്ആപ്പ് ചാറ്റിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താനായിട്ടാണ് എഐ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്ന ഈ പുതിയ ഫീച്ചർ ഏറെ രസകരവും ഉപയോഗപ്രദവുമാണ്‌. നിങ്ങൾ നൽകുന്ന ടെക്‌സ്‌റ്റിനെ അടിസ്ഥാനമാക്കിയാണ് മെറ്റയിൽ നിന്നുള്ള സർവ്വീസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റിക്കറുകൾ ഉണ്ടാക്കുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് മികച്ച സ്റ്റിക്കറുകൾ അയക്കാൻ ഇത് സഹായിക്കും.

വാട്സ്ആപ്പിൽ എഐ സ്റ്റിക്കറുകൾ ഉണ്ടാക്കാനും അയക്കാനും വളരെ എളുപ്പമാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന സ്റ്റിക്കറുകൾ നിങ്ങളുടെ സ്റ്റിക്കർ ട്രേയിൽ ഓട്ടോമാറ്റിക്കായി കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ഒരിക്കൽ ക്രിയേറ്റ് ചെയ്ത സ്റ്റിക്കൾ നിങ്ങൾക്ക് പിന്നീട് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. നിലവിൽ വാട്സ്ആപ്പ് എഐ സ്റ്റിക്കർ ഉണ്ടാക്കാനുള്ള സംവിധാനം ഇംഗ്ലീഷ് ഭാഷ മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളു എന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങൾക്കൊരു എഐ സ്റ്റിക്കർ ഉണ്ടാക്കണം എങ്കിൽ ഇംഗ്ലീഷിലുള്ള ചെറിയൊരു വിവരണം നൽകിയാൽ മതിയാകും. ഈ സവിശേഷത നിലവിൽ പരിമിതമായ രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്. നിങ്ങൾക്ക് ഈ ഫീച്ചർ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിൽ വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വാട്സ്ആപ്പിൽ എഐ സ്റ്റിക്കറുകൾ ക്രിയേറ്റ് ചെയ്യാൻ താല്പര്യമുള്ള ആളുകൾക്ക് ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിനായി നിങ്ങളുടെ വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

• നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് തുറക്കുക

• സ്മൈലി ഐക്കണിൽ ടാപ്പുചെയ്യുക, തുടർന്ന് സ്റ്റിക്കർ ഐക്കൺ തിരഞ്ഞെടുക്കുക

• ക്രിയേറ്റ് എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക, ആവശ്യമെങ്കിൽ കണ്ടിന്യൂ എന്നതിൽ ടാപ്പ് ചെയ്യുക

• നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യേണ്ട സ്റ്റിക്കറുകളുടെ ഒരു വിവരണം നൽകുക.

• വാട്സ്ആപ്പ് നിങ്ങൾക്കായി 4 സ്റ്റിക്കറുകൾ ഉണ്ടാക്കി നൽകും.

• നിങ്ങൾക്ക് ഇഷ്ടപ്പെട്ട സ്റ്റിക്കർ തിരഞ്ഞെടുക്കാം, എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ വിവരണം എഡിറ്റ് ചെയ്യാം

• നിങ്ങൾക്ക് സ്റ്റിക്കർ ഇഷ്‌ടമാണെങ്കിൽ സെന്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക

വാട്സ്ആപ്പിലെ പുതിയ എഐ സ്റ്റിക്കർ ഫീച്ചർ എല്ലാവർക്കും ലഭ്യമാകണം എന്നില്ല. ഇമോജി ഫീച്ചറിലെ സ്റ്റിക്കർ ഓപ്ഷനിൽ പോയാൽ ക്രിയേറ്റ് ഓപ്ഷൻ ലഭിക്കുന്നില്ലെങ്കിൽ ഈ ഫീച്ചർ ലഭ്യമായിട്ടില്ല എന്ന് വേണം കരുതാൻ. പുതിയ എഐ ഫീച്ചറിലൂടെ വാട്സ്ആപ്പ് എക്സ്പീരിയൻസ് കൂടുതൽ രസകരമാകുമെന്ന് ഉറപ്പാണ്. ഓരോ അപ്ഡേറ്റിലൂടെയും വാട്സ്ആപ്പ് മികച്ച നിരവധി ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. പ്രൈവസി, സുരക്ഷ, യൂസർ എക്സ്പീരിയൻസ് എന്നിവയ്ക്കാണ് ഈ ഫീച്ചറുകൾ പ്രാധാന്യം നൽകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button