33.4 C
Kottayam
Sunday, May 5, 2024

സഞ്ജു സാംസണ്‍ അല്ല, ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ വേറൊരാള്‍; ഞെട്ടിയ്ക്കുന്ന അഭിപ്രായവുമായി ഗവാസ്കര്‍

Must read

മൊഹാലി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡിലേക്ക് തന്‍റെ പേര് വച്ചുനീട്ടിയിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. വിക്കറ്റുകള്‍ തുടരെ വീണ് ടീം സമ്മര്‍ദമായ ഘട്ടത്തില്‍ ക്രീസില്‍ ഇരുകാലും ഉറപ്പിച്ച് വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന ശതകമാണ് സഞ്ജു അന്ന് നേടിയത്.

ടി20 ലോകകപ്പ് പദ്ധതികളില്‍ നിന്ന് പുറത്തായി എന്ന് തോന്നിച്ച ഘട്ടത്തില്‍ ശ്വാസം വീണ്ടെടുത്ത ഇന്നിംഗ്‌സുമായി സഞ്ജു പിന്നാലെ അഫ്‌ഗാസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ ഇടംപിടിച്ചു. സഞ്ജു ടി20 ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷകള്‍ക്കിടെ ഞെട്ടിക്കുന്ന പ്രതികരണവുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. 

ട്വന്‍റി 20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിന്‍റെയോ ജിതേഷ് ശര്‍മ്മയുടെയും ഇഷാന്‍ കിഷന്‍റെയോ പേരല്ല സുനില്‍ ഗവാസ്‌കര്‍ മുന്നോട്ടുവെക്കുന്നത്. ‘കെ എല്‍ രാഹുലിനെയാണ് ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി ഞാന്‍ കാണുന്നത്. എന്നാല്‍ ഒരു കാര്യം ഞാന്‍ മുന്‍കൂറായി പറയാം.

റിഷഭ് പന്ത് ഒരു കാലുവച്ച് കളിക്കാനെങ്കിലും സജ്ജമാണെങ്കില്‍ അദേഹമാണ് വിക്കറ്റ് കീപ്പറായി ബാറ്ററായി കളിക്കേണ്ടത്. എല്ലാ ഫോര്‍മാറ്റിലും ഗെയിംചേഞ്ചറായ താരമാണ് റിഷഭ്. ഞാനാണ് സെലക്ടര്‍ എങ്കില്‍ റിഷഭിന്‍റെ പേര് ആദ്യം നല്‍കും. റിഷഭ് പന്ത് ഇല്ലെങ്കില്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കും. ഇത് ടീം ഘടന സന്തുലിതമാക്കുകയും ചെയ്യുന്ന കാര്യമാണ്.

കെ എല്‍ രാഹുലിനെ ഓപ്പണറായോ അഞ്ച്, ആറ് നമ്പറുകളില്‍ ഫിനിഷറായോ ഉപയോഗിക്കാം. രാഹുലിന്‍റെ വിക്കറ്റ് കീപ്പിംഗ് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രാഹുല്‍ യഥാര്‍ഥ വിക്കറ്റ് കീപ്പറാണ്’ എന്നും സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്‌സില്‍ പറഞ്ഞു. 

ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീം അവസാനമായി കളിക്കുന്ന അഫ്‌ഗാനെതിരായ ട്വന്‍റി 20 പരമ്പരയില്‍ സഞ്ജു സാംസണും ജിതേഷ് ശര്‍മ്മയുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. രാഹുലിനെ പരമ്പരയിലെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏറെസമയം എടുത്ത് കളിക്കുന്ന താരമായ രാഹുലിന് ഐപിഎല്‍ 2024ല്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കാതെ ലോകകപ്പ് ടീമിലെത്താനാവില്ല എന്ന സാഹചര്യം നിലനില്‍ക്കെയാണ് ഗവാസ്‌കറുടെ വിലയിരുത്തല്‍ വരുന്നത്.

സമീപകാലത്ത് ടീം ഇന്ത്യ ഉപയോഗിച്ച മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ നിലവില്‍ ടീം സെലക്ഷനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഐപിഎല്ലില്‍ മികവ് കാട്ടുന്നതിന് അനുസരിച്ചാണ് ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ, കെ എല്‍ രാഹുല്‍. ഇഷാന്‍ കിഷന്‍ എന്നിവരുടെ സാധ്യത. അതേസമയം കാറപകടത്തിലെ പരിക്ക് പൂര്‍ണമായും മാറാനായി കാത്തിരിക്കുകയാണ് റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week