അങ്കോള: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ ഒമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിലെ തിരച്ചില്‍ ഏകദേശം അവസാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗംഗാവാലി നദി കേന്ദ്രീകരിച്ചാണ് ഇന്നും പ്രധാനമായും തിരച്ചില്‍ നടക്കുന്നത്. നദിയിലെ തിരച്ചിലിനായി ബൂം എക്സാവേററര്‍ ഷിരൂരില്‍ എത്തിയിട്ടുണ്ട്. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താന്‍ ഈ ക്രെയിനിന് സാധിക്കും.
മലയാളി ഡ്രൈവർ അർജുന് പുറമെ തമിഴ്നാട്ടുകാരനായ മറ്റൊരു ഡ്രൈവറേയും അപകടത്തില്‍ കാണാതായിട്ടുണ്ട്. നാമക്കല്‍ സ്വദേശിയായ ലോറി ഡ്രൈവർ ശരവണനെയാണ് കാണാതായത്. ശരവണന്റെ ബന്ധുക്കളും ഷിരുരില്‍ പരിശോധന നടക്കുന്ന പ്രദേശത്ത് എത്തിയിട്ടുണ്ട്. ധർവാഡിലോക്ക് ലോറിയുമായി പോകുകയായിരുന്ന ശരവണന്‍ മണ്ണിടിച്ചിലിന് തൊട്ടുമുമ്പാണ് ഷിരൂരില്‍ എത്തുന്നത്.
വാഹനം നിർത്തി ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ശരവണനും അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. മണ്ണിടിച്ചിലുണ്ടായ ദിവസം രാവിലെ ശരവണന്‍ വീട്ടിലേക്ക് വിളിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചായകുടിക്കാനായി ഷിരൂരില്‍ ലോറി നിർത്തി ഇറങ്ങിയെന്നായിരുന്നു ശരവണന്‍ പറഞ്ഞത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം ബന്ധുക്കള്‍ തിരികെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല.
മലയിടിഞ്ഞ വിവരം ബന്ധുക്കള്‍ അറിയുന്നത് വാർത്തകളിലൂടെയാണ്. ഇതേ തുടർന്ന് ബന്ധുക്കള്‍ ഷിരൂരിലേക്ക് എത്തുകയായിരുന്നു. പൊലീസിലും ആശുപത്രിയിലും മറ്റും ശരവണന് വേണ്ടിയുള്ള അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
മണ്ണിടിച്ചിലിനെ തുടർന്ന് ആകെ കാണാതായത് പത്ത് പേരാണെന്നും ഇതില്‍ 7 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയെന്നുമായിരു അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനിടെയാണ് ഉള്ളാവരെ എന്ന ഗ്രാമത്തില്‍ നിന്നും കാണാതായ സെന്ന ഹനുമന്തപ്പയെന്ന് സ്ത്രീയുടെ മൃതദേഹം ഇന്നലെ കണ്ടെത്തുന്നത്.
അർജുന്‍, ശരവണന്‍ എന്നിവർക്ക് പുറമെ നാട്ടുകാരനായ ജഗന്നാഥനേയും ഇനിയും കണ്ടെത്താനുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടമായ ചായക്കട ഉടമ ലക്ഷ്മണ്‍ നായിക്കിന്റെ സഹോദരിയുടെ ഭർത്താവാണ് ജഗന്നാഥ്. ലക്ഷ്മണ്‍ നായിക്കിന്‍റെ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇവരുടെയെല്ലാം മൃതദേഹം കിട്ടിയെങ്കിലും ജഗന്നാഥനെ കുറിച്ച് ഒരു വിവരവുമില്ല.
അതേസമയം ഇന്ന് പരിശോധന നടത്തുന്ന ലോഹ ഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ മേഖല കേന്ദീകരിച്ചാകും. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആയിരിക്കാം ഇതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.