KeralaNews

മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ, ഒറ്റ കാരണത്താൽ മൗനം പാലിക്കുന്നു; തെരഞ്ഞെടുപ്പ് വിഷയത്തിൽ ദീപാ നിശാന്ത്

തൃശൂര്‍: കേരള വര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി കോളേജിലെ മുന്‍ അധ്യാപിക ദീപാ നിശാന്ത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ ചര്‍ച്ചകളും ശ്രീക്കുട്ടനെ വേദനിപ്പിക്കരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതു കൊണ്ട് താന്‍ മൗനം പാലിക്കുകയാണെന്ന് ദീപാ നിശാന്ത് പറഞ്ഞു. 

കേരളവര്‍മ്മ കോളേജില്‍ നിന്ന് ട്രാന്‍സ്ഫര്‍ ലഭിച്ച് പോയിട്ട് രണ്ടു വര്‍ഷമായിയെന്നും ദീപ പറഞ്ഞു. എങ്കിലും ആ കോളേജിലെ അവസാന വര്‍ഷക്കാരില്‍ ചിലരുമായി ബന്ധമുണ്ട്. അതിലൊരാള്‍ ശ്രീക്കുട്ടനാണ്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ടെന്നും ബഹുമാനമുണ്ടെന്നും ദീപാ നിശാന്ത് കൂട്ടിച്ചേര്‍ത്തു. 

ദീപാ നിശാന്തിന്റെ കുറിപ്പ്: ”അച്ഛന്‍ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരില്‍ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവര്‍മ്മ കോളേജ് യൂണിയന്‍ ഇലക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലരും അനാവശ്യമായി പല ആരോപണങ്ങളും തീര്‍ത്തും  വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്. 

ഞാനിപ്പോള്‍ പഠിപ്പിക്കുന്നത് കേരളവര്‍മ്മ കോളേജിലല്ല. 2 വര്‍ഷമായി മറ്റൊരു കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ട്. കേരള വര്‍മ്മയിലെ നിലവിലെ വിദ്യാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. അവസാന വര്‍ഷക്കാരില്‍ കുറച്ചുപേരെ മാത്രം അറിയാം. അവരില്‍ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാള്‍ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസ്സില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ട്. ബഹുമാനമുണ്ട്.

കേരളത്തില്‍ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മുന്‍നിരയിലാണ് കേരള വര്‍മ്മ കോളേജിന്റെ സ്ഥാനം. 1952ല്‍ തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളേജ് കാഴ്ച ശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്‌കരിച്ച വാസു എന്ന വിദ്യാര്‍ത്ഥിയെ ഹൃദയപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ ആ മഹാപരമ്പരയില്‍ ഇപ്പോള്‍ ആറായിരത്തോളം പേരുണ്ട്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടന്‍ വിജയിച്ചു എന്ന വാര്‍ത്ത കേട്ടത് ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ അലുമ്‌നി ഗ്രൂപ്പിലാണ്. അപ്പോള്‍ത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. പിന്നീട് ആ വാര്‍ത്ത സംബന്ധിച്ച തര്‍ക്കങ്ങള്‍ കണ്ടു. ചര്‍ച്ചകള്‍ അധികം പിന്തുടര്‍ന്നില്ല. 

കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നും പുറത്തേക്ക് വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ ചര്‍ച്ചകളും ഏതെങ്കിലും തരത്തില്‍ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതു കൊണ്ട് മൗനം പാലിക്കുന്നു. ശ്രീക്കുട്ടനോട് അന്നുമിന്നും സ്‌നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker