ചില റിയാലിറ്റി ഷോകളിൽ ഒട്ടും കംഫർട്ടബിൾ അല്ല; ഒരു ഷോയിൽ കാല് നീട്ടി വെച്ച് ഇരുന്നു; സിത്താര
കൊച്ചി:വ്യത്യസ്തമായ ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ സിത്താര കൃഷ്ണകുമാർ ജീവിതത്തിലും വ്യത്യസ്തയാണെന്ന് ആരാധകർ പറയുന്നു. പ്രശസ്തയായ ഗായിക എന്നതിനപ്പുറം സിത്താര ജീവിതത്തെ നോക്കിക്കാണുന്ന രീതി ആരാധകർക്കിഷ്ടമാണ്. അതിനാൽ തന്നെ സിത്താരയുടെ മിക്ക അഭിമുഖങ്ങളും സോഷ്യൽ മീഡിയ കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. കരിയർ പരിശോധിച്ചാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് സിത്താരയ്ക്ക് ഗായികയെന്ന നിലയിൽ കൂടുതൽ അംഗീകാരങ്ങൾ ലഭിച്ച് തുടങ്ങിയത്.
സിത്താരയുടെ ശബ്ദത്തിലെ വ്യത്യസ്തത ഇന്ന് കുറേക്കൂടി സ്വീകാര്യത നേടുന്നു. കൺകൾ നീയേ, ചെരാതുകൾ, തിരുവാതിര രാവ്, മോഹമുന്തിരി തുടങ്ങിയ ഗാനങ്ങൾ ഗായികയ്ക്ക് വൻ പ്രശംസ നേടിക്കൊടുത്തു. 2007 ൽ അതിശയൻ എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് സിത്താര പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരുന്നത്. അതിന് മുമ്പ് മ്യൂസിക് പ്രോഗ്രാമുകളിലൂടെ ഗായികയ്ക്ക് ശ്രദ്ധ നേടാനായി.
റിയാലിറ്റി ഷോകളിൽ ജഡ്ജായും സിത്താര സാന്നിധ്യം അറിയിക്കാറുണ്ട്. ഇത്തരം ഷോകൾ ചെയ്യുമ്പോൾ തനിക്ക് തോന്നാറുള്ള അസ്വസ്ഥതയെക്കുറിച്ച് തുറന്ന് പറയുകയാണ് സിത്താര. ബിഹൈന്റ്വുഡ്സ് ഐസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ചില റിയാലിറ്റി ഷോകളിൽ ഇരിക്കുമ്പോൾ അവർ ഡിസൈൻ ചെയ്തിട്ടുള്ള രൂപത്തിലേക്കാണ് ഞാൻ മാറുന്നത്. ചിലപ്പോൾ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല. ചില ഡ്രസുകളിൽ ഭയങ്കര ഗ്രാന്റ് ആയ വർക്കുകളായിരിക്കും. പക്ഷെ അത് ധരിച്ച് നടക്കാനും ഇരിക്കാനും പറ്റില്ല. ഒരു ഫുൾ ഷോയ്ക്ക് ഞാൻ കാല് നീട്ടി ഇരുന്നിട്ടുണ്ട്. നേരെ ഇരുന്നാൽ വയറൊക്കെ വന്നാൽ ഡ്രസിന്റെ സ്റ്റിച്ച് പൊട്ടും,’ സിത്താര പറഞ്ഞു’
മഴവിൽ മനോരയിൽ സിത്താര ജഡ്ജായി എത്തിയ സൂപ്പർ ഫോർ ജൂനിയേർസ് എന്ന ഷോ വൻ ഹിറ്റായിരുന്നു. അടുത്ത സുഹൃത്തുക്കളായ റിമി ടോമി, വിധു പ്രതാപ്, ജ്യോത്സ്ന എന്നിവരായിരുന്നു സിത്താരയ്ക്കൊപ്പം ഷോയിൽ വിധികർത്താക്കളായി വന്നവർ. ഇവരോടൊപ്പമുള്ള സൗഹൃദത്തെക്കുറിച്ചും സിത്താര സംസാരിച്ചു.
‘ഞങ്ങളെക്കൊണ്ട് നടത്തിപ്പുകാർക്കായിരിക്കും ശല്യം. എല്ലാവർക്കും പ്രായമായിത്തുടങ്ങിയല്ലോ. കോളേജും സ്കൂളുമൊക്കെ മിസ് ചെയ്യുന്നുണ്ട്. അതിനാൽ ഒരുമിച്ചിരിക്കുമ്പോൾ സംസാരം നിർത്തില്ല. സാധാരണ പ്രോഗ്രാമിന് പോവുന്നതിലും ക്ഷീണമായിരിക്കും. പറഞ്ഞ് പറഞ്ഞ് തളരും. എല്ലാവരും രാവിലെ എത്തും. അവിടെയിരുന്ന് സംസാരിച്ച് രാത്രി തിരിച്ച് പോവില്ല. എല്ലാവരെയും പറിച്ച് മാറ്റണം’
‘എപ്പോഴും മിസ് ചെയ്യും. നമുക്ക് എന്തെങ്കിലും വിഷമം വരുമ്പോൾ പറയാതെ മനസ്സിലാക്കും. വിഷമിച്ചിരിക്കുമ്പോൾ ജ്യോത്സ്ന വന്ന് എന്താ പറ്റിയത്, ഓക്കെ ആണോ? വിശ്രമിക്കണം എന്നൊക്കെ പറയും. അത് ചെറിയ കാര്യമല്ല. അത് എനിക്ക് വളരെ പ്രധാനമാണ്,’ സിത്താര പറഞ്ഞു.
സുഹൃത്തായ ജ്യോത്സ്ന സമപ്രായക്കാരിയാണെങ്കിലും തനിക്ക് പ്രചോദനം നൽകിയ ഗായികയാണെന്നും സിത്താര വ്യക്തമാക്കി. സ്കൂൾ ബസിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ജോത്സ്നയുടെ പാട്ട് ആദ്യമായി കേട്ടത്. വലിയ ഗായികയായിരിക്കും പാടിയതെന്ന് കരുതി. അന്ന് സോഷ്യൽ മീഡിയ ഇല്ല. എന്റെ അതേ പ്രായമുള്ള ആളാണെന്ന് മാഗസിനിൽ നിന്നാണ് മനസ്സിലാക്കിയത്. അത് തന്നെ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരാൻ പ്രേരിപ്പിച്ചെന്നും സിത്താര പറഞ്ഞു.
കരിയറിൽ സിത്താരയോടൊപ്പം തിളങ്ങി നിന്ന ഗായികയാണ് ജ്യോത്സ്നയും. ജ്യോത്സനയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും സിത്താര സംസാരിച്ചിട്ടുണ്ട്. തന്നെ നന്നായി മനസ്സിലാക്കുന്ന സുഹൃത്താണ് ജ്യോത്സ്നയെന്നാണ് അന്ന് സിത്താര പറഞ്ഞത്. റിയാലിറ്റി ഷോയിലും ഇവരുടെ സൗഹൃദം പ്രകടമായിരുന്നു. വിധു പ്രതാപും റിമിയും സിത്താരയും ജ്യോത്സ്നയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.