36.9 C
Kottayam
Thursday, May 2, 2024

സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം,ന്യൂനമർദ്ദത്തിൽ കനത്ത നാശം

Must read

ന്യൂഡൽഹി:ഇത്തവണ കാലവര്‍ഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 31 ന് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സാധാരണ ജൂണ്‍ ഒന്നിനാണ് രാജ്യത്ത് നാല് മാസം നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാറുള്ളത്. ഈ മാസം അവസാനം രണ്ടാം ഘട്ട ദീര്‍ഘ കാല പ്രവചനം പുറത്തിറക്കും. മെയ് പകുതിയോടെ ആന്‍ഡമാന്‍ കടലിന് മുകളിലെത്തുന്ന മണ്‍സൂണ്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രവചനം.

അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കി. അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായതോടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തീരമേഖലകളിൽ കടൽക്ഷോഭത്തിൽ നൂറ് കണക്കിന് വീടുകൾ തകന്നു. മഴക്കെടുതിയിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഒഴുക്കിൽപ്പെട്ട് ഒരു യുവാവ് മരിച്ചു. ചെല്ലാനത്ത് വെള്ളക്കെട്ടിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി.

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് വടക്കന്‍ ജില്ലകളില്‍ മഴയും കടല്‍ ക്ഷോഭവും ശക്തമായത്. കോഴിക്കോട്, മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. കോഴിക്കോട് ചാത്തമംഗലം ചോനോത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ കിഴക്കേടത്ത് മധുസുധനന്‍റെ മകന്‍ ആദര്‍ശ് മുങ്ങി മരിച്ചു. 19വയസായിരുന്നു.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെങ്ങും കനത്ത ജാഗ്രതയിലാണ്.

കോഴിക്കോട് ബേപ്പൂർ ഗോതീശ്വരം റോഡ് കടലെടുത്തു.ചാലിയം കടലുണ്ടി കടവ്, കപ്പലങ്ങാടി ഭാഗങ്ങളിൽ 40 വീടുകിൽ വെള്ളം കയറി. കൊയിലാണ്ടി കൊല്ലം പാറപ്പളളിയില്‍ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊളാവിപ്പാലം കടപ്പുറത്തും കടൽക്ഷോഭം രൂക്ഷമാണ്.കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ ഭിത്തികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുതുക്കി പണിയണമെന്ന് എം കെ രാഘവന്‍ എം പി ആവശ്യപ്പെട്ടു.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. എറിയാട് സ്വദേശി ഗിരീഷിന്റെ വീട് തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴുക്കിവിടാനുള്ള പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകളും പ്രദേശത്ത് തുറന്നിട്ടുണ്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പലരും ക്യാമ്പുകളിലേക്ക് പോകാൻ വിമുഖത കാട്ടുന്നുവെന്നാണ് അധികൃതർ പറയുന്നത്.

പലരും ബന്ധു വീടുകളിലേക്കാണ് പോകുന്നത്. ചാവക്കാട് പ്രദേശത്തും നിരവധി വീടുകളിൽ വെള്ളം കയറി. എന്നാൽ നേരത്തെതന്നെ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതിനാൽ ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളൊന്നും കടലിൽ പോയിട്ടില്ല എന്നത് ആശ്വാസം നൽകുന്നതാണ്.

മലപ്പുറം പൊന്നാനിയിൽ കടലാക്രമണത്തില്‍ 50 വീടുകളിൽ വെള്ളം കയറി. വെളിയങ്കോട് പഞ്ചായത്തിലെ പത്തുമുറി, തണ്ണിത്തുറ, പാലപ്പെട്ടി മേഖലകളിലാണ് കടൽക്ഷോഭത്തെത്തുടര്‍ന്ന് വീടുകളില്‍ വെളളം കയറിയത്. ആളുകളെ മാറ്റിപ്പാർപ്പിക്കാനായി വെളിയങ്കോട് ഫിഷറീസ് എൽ.പി സ്കൂൾ സജ്ജമാക്കിയിട്ടുണ്ട്. അതിതീവ്ര മഴക്കും കാറ്റിനും മുന്നോടിയായുളള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം വിലയിരുത്തി.

കൊല്ലത്ത് ആലപ്പാട് പഞ്ചായത്തിലാണ് സ്ഥിതിഗതികൾ രൂക്ഷം. പഞ്ചായത്തിലെ മൂന്ന് വീടുകൾ തകർന്നു. ഒട്ടേറെ വീടുകളിൽ വെളളം കയറി. ആലപ്പാട് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വൈകീട്ടോടെ കടൽക്ഷോഭം കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് നിയുക്ത എംഎൽഎ സി.ആർ മഹേഷ് പറഞ്ഞു. തീരദേശ വാസികളോട് വീടുകളിൽനിന്ന് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്നി, ഇരവിപുരം എന്നീ പ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തുടങ്ങിയ മഴ 24 മണിക്കൂർ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയാണ്.

ഉൾക്കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് മൂന്ന് ശ്രീലങ്കൻ ബാർജുകളടക്കം ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. മലയോരത്തെയും സ്ഥിതി രൂക്ഷമാണ്. തുടർച്ചയായ മഴയെത്തുടർന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിൽ പലസ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മലയോര മേഖലയിൽ രാത്രിയാത്ര പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. തൃക്കോവിൽവട്ടത്ത് തുടങ്ങിയ ദുരിതാശ്വാ ക്യാമ്പിലേക്ക് അഞ്ച് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു. പള്ളിമണ്ണിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. തകർന്ന വീടുകളിലൊന്നിൽ താമസിച്ചിരുന്ന കോവിഡ് ബാധിതയായ ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളം ജില്ലയിലെ ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം രൂക്ഷമാണ്. ചെല്ലാനത്തെ ബസാർ, കമ്പനിപ്പടി, കണ്ണമാലി, ചാളക്കടവ് പ്രദേശത്തെ വീടുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി. പല വീടുകളിലും പ്രായമായവരടക്കം കുടുങ്ങി. കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ജില്ലയിൽ നാല് ക്യാമ്പുകൾ തുടങ്ങിയതായി ജില്ലാ കളക്ടർ അറിയിച്ചു. കണയന്നൂർ താലൂക്കിലും കൊച്ചിയിലുമാണ് ഇവ. ചെല്ലാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് വൈപ്പിന്റെ പല മേഖലകളിലുമുള്ളത്. നായരമ്പലം, ഞാറയ്ക്കൽ അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെനിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.

കൊച്ചി നഗരത്തിൽ ഉദയ കോളനി, പി ആൻ ടി കോളനി അടക്കമുള്ളവയിൽ വെള്ളം കയറി. ഇവിടെനിന്നും ആളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മലയോര മേഖലയിലെ ഊരുകളിൽ ആശങ്ക ഉയരുകയാണ്. ചപ്പാത്തുകളിൽ വെള്ളം നിറങ്ങാൽ ജനങ്ങളെ പുറത്തേക്ക് എത്തിക്കുക ദുഷ്കരമാണ്. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം എത്തരത്തിൽ നടത്തണമെന്ന് ആലോചിക്കാൻ ഇന്ന് അധികൃതർ യോഗം ചേർന്നിരുന്നു. അതിനിടെ ഭൂതത്താൻകെട്ട് അണക്കെട്ടിലെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്

ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് കടലിൽ പോകുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വിവിധ ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week