KeralaNews

കൈയിൽ കാശില്ലെങ്കിലും കുഴപ്പമില്ല ; കെഎസ്ആർടിസിയിൽ സമ്പൂർണ ഡിജിറ്റൽ പേയ്‌മെന്റ് വരുന്നു

കൊല്ലം: കൈയില്‍ പണമില്ലെങ്കിലും സാരമില്ല. മൊബൈലും അക്കൗണ്ടില്‍ പണവും മതി. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് വരുന്നു. നിലവില്‍ ചില സ്വിഫ്റ്റ് ബസുകളിലും ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമുണ്ടെങ്കിലും പതിനായിരക്കണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്പെടുംവിധത്തില്‍ സംസ്ഥാനത്തുടനീളം ഓര്‍ഡിനറികള്‍ ഉള്‍പ്പടെ സമ്പൂര്‍ണ ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്താനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.

രണ്ടുമാസത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. എല്ലാ ബസുകളിലും യുപിഐ പേയ്‌മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീന്‍ ഒരുക്കും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. പലപ്പോഴും ചില്ലറയും കൃത്യം കറന്‍സി നോട്ടുമില്ലാതെ വിഷമിച്ചിരുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസവുമാകും. ജിപേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം നല്‍കി ടിക്കറ്റ് എടുക്കാനാവും. സമയനഷ്ടവുമുണ്ടാകില്ല.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളില്‍ ലൈവ് ടിക്കറ്റിങ് സാധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീന്‍ വിതരണം ചെയ്തു. രണ്ടുമാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളിലേക്കും പുതിയ ടിക്കറ്റ് മെഷീനുകള്‍ എത്തും. ചലോ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓണ്‍ലൈന്‍ സൗകര്യവുമാണ് ഇതിനായി കോര്‍പറേഷന്‍ വാടകയ്ക്ക് എടുത്തത്.

ഒരു ടിക്കറ്റിന് നികുതി ഉള്‍പ്പടെ 16.16 പൈസ വാടകനല്‍കണം. ടിക്കറ്റ് മെഷീനുകള്‍, ഓണ്‍ലൈന്‍, ഡിജിറ്റല്‍ പണമിടപാട് ഗേറ്റ് വേ, സെര്‍വറുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, ഡിപ്പോകളിലെ കമ്പ്യൂട്ടറുകള്‍, ബസുകളിലെ ജിപിഎസ് സംവിധാനം, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയെല്ലാം കമ്പനി നല്‍കണം. മെഷീനുകളുടെയും ഓണ്‍ലൈന്‍ സംവിധാനത്തിന്റെയും പരിപാലനവും കരാര്‍ കമ്പനിയുടെ ചുമതലയാണ്. വര്‍ഷം 10.95 കോടി രൂപ പ്രതിഫലം നല്‍കേണ്ടിവരും. ഇതിന്റെ പകുതി വിലയ്ക്ക് സ്വന്തമായി ടിക്കറ്റ് മെഷീനുകള്‍ വാങ്ങാന്‍ കഴിയുമെങ്കിലും ഓണ്‍ലൈന്‍ സംവിധാനവും സാങ്കേതിക സഹായവും കണക്കിലെടുക്കുമ്പോള്‍ വാടക ഇടപാട് ലാഭകരമാണെന്ന വിലയിരുത്തലിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ചും പുതിയ മെഷീനുകളില്‍ പണമിടപാട് സാധ്യമാണ്. ബസില്‍ വിതരണംചെയ്യുന്ന ടിക്കറ്റിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്തും. റിസര്‍വേഷനില്ലാത്ത ബസുകളില്‍ പോലും എത്ര സീറ്റ് ഒഴിവുണ്ടെന്നും ഒരോ സ്ഥലത്തുനിന്നും എത്ര ടിക്കറ്റുകള്‍ നല്‍കുന്നുവെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും.

തിരക്കുള്ളതും കുറഞ്ഞതുമായ പാതകള്‍ കണ്ടെത്തി ബസുകള്‍ വിന്യസിക്കാനാകും. ചലോ മൊബൈല്‍ ആപ്പില്‍ ഒരോ ബസുകളുടെ യാത്രാ വിവരവും തത്സമയം അറിയാം. സ്റ്റോപ്പുകളില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് ആ റൂട്ടിലെ അടുത്ത ബസ് എപ്പോള്‍ എത്തുമെന്ന വിവരം മൊബൈല്‍ ഫോണില്‍ ലഭിക്കും. ബസില്‍ കയറുന്നതിന് മുമ്പേ ടിക്കറ്റ് എടുക്കാനുമാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker