കോട്ടയം:പുലർച്ചെ ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള യാത്രാക്ലേശം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് അനൂപ് ഐസക്കിന് നിവേദനം നൽകി. അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി വലിയരീതിയിലുള്ള വികസനങ്ങൾ പ്രവർത്തനങ്ങൾ നടക്കുന്ന ഏറ്റുമാനൂരിൽ നിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേയ്ക്കുള്ള വർഷങ്ങളായുള്ള യാത്രാദുരിതത്തിന് കൂടി അടിയന്തിരമായി ഒരു പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു.
സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യത്തെ ട്രെയിൻ ഉച്ചകഴിഞ്ഞ് 03.12 ന് എത്തിച്ചേരുന്ന പരശുറാം എക്സ്പ്രസ്സാണ്. രാവിലെ 09.00 മണിവരെ നിരവധി ട്രെയിനുകൾ ഏറ്റുമാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും ഒന്നിന് പോലും ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഇല്ല. 16630/29 മലബാർ, 16303/04 വഞ്ചിനാട് എക്സ്പ്രസ്സുകളിൽ കോട്ടയത്ത് നിന്ന് യാത്ര ചെയ്യുന്നതിൽ ഏറിയപങ്കും ഏറ്റുമാനൂർ പരിസര നിവാസികളാണ്. പുലർച്ചെ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള മലബാർ, വഞ്ചിനാട് ട്രെയിനുകൾക്ക് കണക്ഷൻ ലഭിക്കുന്ന വിധം മെമു / പാസഞ്ചർ സർവീസുകൾ ഇല്ലാത്തതും സ്റ്റോപ്പിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്തിനകത്ത് മാത്രം സർവീസ് നടത്തുന്ന വഞ്ചിനാട് എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റുമാനൂരിന്റെ വികസനങ്ങൾക്ക് പൂർണ്ണത ലഭിക്കുന്നതാണ്.
പുലർച്ചെ 06.15 നാണ് തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിൻ നമ്പർ 16303 വഞ്ചിനാട് എക്സ്പ്രസ്സ് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നത്. വൈകുന്നേരം 05.45 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16304 വഞ്ചിനാട് എക്സ്പ്രസ്സ് രാത്രി 09.20 ന് ഏറ്റുമാനൂരിലൂടെ എറണാകുളം ജംഗ്ഷനിലേയ്ക്ക് മടങ്ങിപോകുന്നത്.
ഓഫീസ്, ആശുപത്രി ആവശ്യങ്ങൾക്കായി തലസ്ഥാന നഗരിയെ ആശ്രയിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയക്രമത്തിലാണ് വഞ്ചിനാട് എക്സ്പ്രസ്സ് ഇരുദിശയിലേയ്ക്കും സർവീസ് നടത്തുന്നത്.തിരുവനന്തപുരം ഭാഗത്തേയ്ക്ക് ദിവസവും നിരവധിയാളുകൾ ഏറ്റുമാനൂർ സ്റ്റേഷനെ കടന്ന് കോട്ടയത്ത് നിന്നും യാത്ര ചെയ്യുന്നുണ്ട്. ശ്രീചിത്തിര , RCC പോലുള്ള റിജിയണൽ ഹോസ്പിറ്റലുകളിൽ അഭയം തേടുന്ന നിരവധി രോഗികളുണ്ട്.
പാലാ, ഈരാറ്റുപേട്ട, പേരൂർ, നീണ്ടൂർ, ആർപ്പുക്കര, മാന്നാനം, കിടങ്ങൂർ, അയർകുന്നം,കല്ലറ, വയല,മണർകാട് എന്നിവിടങ്ങളിൽ നിന്ന് ഏറ്റുമാനൂർ സ്റ്റേഷനിലേയ്ക്ക് ഗതാഗതക്കുരുക്കുകളൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ എത്തിച്ചേരുന്നതിനും സാധിക്കും. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയുടെ കവാടമാണ് ഏറ്റുമാനൂർ.
എറണാകുളം ജംഗ്ഷൻ മുതൽ കായംകുളം വരെ വഞ്ചിനാട് എക്സ്പ്രസ്സ് മിക്ക സ്റ്റേഷനുകളിലും ഷെഡ്യൂൾ സമയത്തിനും മുമ്പേ എത്തിച്ചേരുന്നുണ്ട്. ഐലൻഡ് പ്ലാറ്റ് ഫോം ആയതുകൊണ്ട് തന്നെ ഏറ്റുമാനൂരിൽ ട്രെയിൻ നിർത്തിയെടുക്കുന്നതിനുള്ള സമയനഷ്ടം ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ നിലവിലെ ഷെഡ്യൂളിൽ യാതൊരു മാറ്റവും വരുത്താതെ സർവീസ് തുടരാവുന്നതാണ്. ഏറ്റുമാനൂരിൽ ഒരു മിനിറ്റ് സ്റ്റോപ്പ് പരിഗണിച്ചാൽ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതും ഒപ്പം റെയിൽവേയ്‌ക്ക് വരുമാനത്തിലും നല്ല നേട്ടമുണ്ടാകുന്നതാണ്
ജില്ലയിലെ ഏറ്റവും മികച്ചതും വിപുലവുമായ പാർക്കിങ് സൗകര്യങ്ങളോട് കൂടിയതും അമൃത് ഭാരത് പദ്ധതിയുടെ മേന്മകളും ഏറ്റുമാനൂർ സ്റ്റേഷന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ICH കുട്ടികളുടെ ആശുപത്രി, ITI, ബ്രില്ല്യന്റ് സ്റ്റഡി സെന്റർ, തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഏറ്റുമാനൂർ ക്ഷേത്രം, അതിരമ്പുഴ പള്ളി, മാന്നാനം ചാവറ പള്ളി, അൽഫോൻസാ തീർത്ഥാടനകേന്ദ്രം, കൂടാതെ കുടുംബകോടതി പോലുള്ള നിരവധി സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനെ ചുറ്റിപ്പറ്റി സ്ഥിതിചെയ്യുന്നുണ്ട്.
അതുപോലെതന്നെ നിരവധി യാത്രക്കാർക്ക് വളരെയധികം പ്രയോജനകരമാകുന്ന സമയത്താണ് 16309/10 എക്സ്പ്രസ്സ് മെമു ഏറ്റുമാനൂരിലൂടെ കടന്നുപോകുന്നത്. എം ജി യൂണിവേഴ്‌സിറ്റിയുടെ 2 ബസുകൾ റെയിൽവേ സ്റ്റേഷനിൽ നിന്നും ദിവസവും ഈ സമയങ്ങളിൽ യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷന് സമീപമുള്ള സർക്കാർ, അർദ്ധ സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന 16309/10 എക്സ്പ്രസ്സ് മെമുവിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് പരിഗണിക്കണമെന്നും ഇതിലൂടെ അവർ ആവശ്യപ്പെട്ടു.. തിരുവനന്തപുരം ഡിവിഷണൽ മാനേജർക്കുള്ള നിവേദനം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് മുഖേന ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ചേർന്നാണ് നൽകിയത്.