KeralaNews

ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ല, അവരൊക്കെ കേരളത്തിന്റെ പൊതുസ്വത്ത്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: തൃശൂരിലെ ബി.ജെ.പി. സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിയും നര്‍ത്തകിയുമായ ശോഭനയെ ബി.ജെ.പിയുടെ അറയിലാക്കാന്‍ സി.പി.എം. ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ, പ്രധാനപ്പെട്ടആളുകള്‍ പങ്കെടുത്തോട്ടെ. അതില് ഞങ്ങള്‍ക്കെന്താ തര്‍ക്കമുള്ളത്. ശോഭന കേരളീയത്തിന്റെ അംബാസഡര്‍ ആയിക്കോട്ടെ, അതിനൊന്നും കുഴപ്പമില്ല. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്. അതുകൊണ്ട് കേരളീയത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് പറയാന്‍ പറ്റുമോ? കലാകാരന്മാരെയും കായികരംഗത്തുള്ളവരെയുമെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ അറകളിലേക്ക് തിരിക്കണ്ട’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളിലും അതുപോലെ വളരെ പ്രധാനപ്പെട്ട യോഗങ്ങളിലുമൊക്കെ ആളുകള്‍ പങ്കെടുക്കുന്നില്ലേ. പാര്‍ട്ടി പരിപാടിയിലൊക്കെ ബി.ജെ.പി. ആളുകളെ പങ്കെടുപ്പിക്കും. ഇതല്ലേ അവര് ചെയ്തുകൊണ്ടിരിക്കുന്നത്. അത് തിരിച്ചറിഞ്ഞവർ പോകില്ല, തിരിച്ചറിയാത്തവര്‍ പോകും. പിന്നെ തിരിച്ചറിയുമ്പോള്‍ അവര്‍ ശരിയായ നിലപാട് സ്വീകരിക്കും. ഞങ്ങള്‍ ഇവരേത് രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഒപ്പം നില്‍ക്കുന്നുവെന്ന് നോക്കിയല്ല അംബാസഡറാക്കുക. അവരുടെ കഴിവാണ് നോക്കുക’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ശോഭനയെ പോലൊരു നര്‍ത്തകി, സിനിമാമേഖലയിലെ പ്രഗത്ഭയായൊരു സ്ത്രീ, അവരെയൊന്നും ബി.ജെ.പിയുടെ അറയിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഏത് രാഷ്ട്രീയത്തിന്റെ ഭാഗമായാലും അവരെല്ലാം ഈ കേരളത്തിന്റെ പൊതുസ്വത്താണ്. സുരേഷ് ഗോപി ഉള്‍പ്പെടെ അങ്ങനെയാണ്. എന്നാല്‍, അദ്ദേഹം ബി.ജെ.പിയിലേക്ക് ചാടിപ്പോയി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ.

അല്ലെങ്കില്‍ അയാളേയും ബഹുമാനിക്കേണ്ടതാണ്. പക്ഷേ, അയാളുടെ ഇന്നത്തെ പെരുമാറ്റവും രീതിയും രൂപവും ഒന്നും ബഹുമാനിക്കാന്‍ പറ്റുന്ന രീതിയിലുള്ളതല്ല. അതുകൊണ്ടാണല്ലോ അംബാസഡറൊന്നും ആകാത്തത്’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കെന്ന പേരിൽ കേരളത്തിലാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവുംകൂടുതല്‍ പീഡനം നടക്കുന്ന സ്ഥലമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞതിനെ എം.വി. ഗോവിന്ദന്‍ നിശിതമായി വിമര്‍ശിച്ചു. ശുദ്ധ അസംബന്ധങ്ങളും കളവുമാണ് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്.

പ്രധാനമന്ത്രി തന്നെ അങ്ങനെയാണ് പറയുന്നത്. കളവുപറയുക എന്നത് ബി.ജെ.പിയുടെ മുഖമുദ്രയാണ്. കള്ളപ്രചാരവേല നടത്തുക എന്നത് ഏത് ഫാസിസ്റ്റുകളുടെയും സ്വഭാവമാണ്. ആ ഫാസിസ്റ്റുകളുടെ രീതി തന്നെയാണ് ബി.ജെ.പി. പിന്തുടരുന്നത്. അതുതന്നെയാണ് കേരളത്തിലെ അധ്യക്ഷനും പറഞ്ഞിട്ടുള്ളത്. ക്രമസമാധാനം ഏറ്റവും നന്നായി നടക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് കേരളമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker