KeralaNews

കണ്ണൂരില്‍ കറുപ്പിന് വിലക്കില്ല; കറുത്ത മാസ്ക് ധരിക്കാം, കറുത്ത വസ്ത്രത്തിനും വിലക്കില്ലെന്ന് പൊലീസ്,കറുപ്പ് വിലക്കിനെതിരെ കോടതിയില്‍ ഹര്‍ജി

കണ്ണൂര്‍:  കണ്ണൂരിൽ മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കാനെത്തുമ്പോള്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിക്കില്ലെന്ന് പൊലീസ്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്നതിനും വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. 

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എഴുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധം ഒഴിവാക്കാൻ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി ഒൻപത് മണിയോടെ തളിപ്പറമ്പിലേക്ക് എത്തും. 

കണ്ണൂരിൽ ഇന്നലെ രാത്രിയെത്തിയ മുഖ്യമന്ത്രിക്ക് ജില്ലയിൽ ഇന്ന് ഒരു പൊതുപരിപാടിയാണ് ഉള്ളത്. രാവിലെ 10.30ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് കോളേജ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാകും പിണറായി വിജയൻ എത്തുക. വഴിയിലും പരിപാടി സ്ഥലത്തും കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷ യുവജന സംഘടനകൾ ശ്രമിച്ചേക്കും. അതിനാൽ തന്നെ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കിയിരിക്കുന്നത്.

 രാത്രി കണ്ണൂരിലെത്തിയ പിണറായി വിജയൻ രാത്രി വീട്ടിൽ തങ്ങിയില്ല. സുരക്ഷാ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. പൊലീസിന്‍റെ അഭ്യർത്ഥന കണക്കിലെടുത്തായിരുന്നു തീരുമാനം. പിണറായിയിലെ സ്വന്തം വീട്ടിൽ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും സുരക്ഷ ഒരുക്കാനുള്ള ബന്ധിമുട്ട് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി താമസം കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.

 ഇന്നലെ രാത്രിയിലും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട്ടെ പരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി സ്വന്തം നാടായ കണ്ണൂരിലേക്ക് മടങ്ങും വഴി വടകരയിലാണ് പ്രതിഷേധം ഉണ്ടായത്. ഇവിടെ വച്ച് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പത്ത് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു.

കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ. സേതുകുമാർ ആണ് ഹൈക്കോടതിയെ സമീപ്പിക്കുന്നത്. ഇദ്ദേഹം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്. കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്‍റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ, ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനത്തെ വഴിതടഞ്ഞയുകയും കറുത്ത മാസ്ക് അഴിപ്പിക്കുകയും ചെയ്ത പൊലീസ് നടപടി വന്‍ വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. സുരക്ഷയുടെ പേരിൽ മലപ്പുറത്തും പൊതുജനങ്ങളുടെ കറുത്ത മാസ്കുകൾ പൊലീസ് അഴിപ്പിച്ചിരുന്നു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചതെന്ന പരാതി വലിയ തോതിൽ ഉയർന്നത്. പകരം പൊലീസ് തന്നെ മഞ്ഞ മാസ്ക് നൽകുകയും ചെയ്തിരുന്നു.

 മാസ്ക്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം എന്നായിരുന്നു എൽഡിഎഫ് കണ്‍വീനറുടെ ചോദ്യം. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker