26.6 C
Kottayam
Saturday, May 18, 2024

പൾസർ സുനിയ്ക്കായി ഹാജരായത് ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്ന് കേസിൽ നിന്ന് ഊരിയ സന റായിസ് ഖാൻ, എന്നിട്ടും രക്ഷയില്ല

Must read

ന്യൂഡൽഹി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് തിരിച്ചടി. പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസ് അജയ് രസ്തോ ഗി, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം.

വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുനി സുപ്രീം കോടതിയിലെത്തിയത്. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി നീളുകയാണെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്.അടിയന്തരമായി പരിഗണിക്കണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അംഗീകരിക്കുകയായിരുന്നു. 

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ബോംബെ ഹൈക്കോടതിയിൽ ഹാജരായ സന റായിസ് ഖാൻ ആണ് പൾസർ സുനിക്ക് വേണ്ടി സുപ്രീംകോടതിയിൽ എത്തിയത്. ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവരാണ് പൾസർ സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

2017ലാണ് നടിയെ തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലെ സ്റ്റുഡിയോയിലേക്ക് എത്തിക്കാനായി പോയ കാർ ഡ്രൈവറായിരുന്ന പള്‍സർ സുനി തന്റെ സംഘവുമായി ചേർന്ന് യാത്രാമധ്യേ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് നടിയെ മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായതിനു ശേഷം പള്‍സർ സുനി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 

നടിയെ ആക്രമിച്ച കേസില്‍ മുഖ്യസാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുന്നു. വൃക്ക രോഗം ബാധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം നടക്കുന്നത്. ഇതുവരെ 21 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. 

വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്. മൂന്ന് ഘട്ടമായാണ് 21 ദിവസം വിസ്തരിച്ചത്. ഇതില്‍ രണ്ടര ദിവസത്തെ പ്രോസിക്യൂഷന്‍ വിസ്താരം മാറ്റിനിര്‍ത്തിയാല്‍ 18 ദിവസവും പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇരു വൃക്കകളും സ്തംഭിച്ച് ചികിത്സയിലായതോടെ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം.

കഴിഞ്ഞ 12 ദിവസമായി തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയിലിരുന്നാണ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്. ഡയാലിസിസ് പൂര്‍ത്തിയാക്കിയാണ് പല ദിവസങ്ങളിലും ബാലചന്ദ്രകുമാര്‍ വിസ്താരത്തിന് എത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ് ബാലചന്ദ്ര കുമാര്‍. തുടരന്വേഷണത്തിനു ശേഷം തുടങ്ങിയ വിചാരണ ജനുവരി 31ന് പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

വിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ പ്രോസിക്യൂഷന്‍ നീട്ടി കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് പ്രതി ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിസ്താരം വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്നത് പ്രതി ഭാഗമാണെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. വിചാരണയില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week