ഒ.ടി.ടിയിലും സാറ്റലൈറ്റിലും ആര്‍ക്കും വേണ്ടാതെ ഒരു വര്‍ഷം പെട്ടിയിലിരുന്ന ചിത്രം!റിലീസിന്‍റെ ഏഴാം ദിനം ഇന്ത്യയില്‍ നമ്പര്‍ 1; റെക്കോര്‍ഡ് നേട്ടവുമായി ആസിഫ് അലി ചിത്രം
കൊച്ചി:ഓണം റിലീസ് ആയെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ് ആസിഫ് അലി നായകനായ കിഷ്കിന്ധാ കാണ്ഡം. ഫെസ്റ്റിവല്‍ സീസണില്‍ എത്തുന്ന ചിത്രങ്ങള്‍ ഇങ്ങനെ ആയിരിക്കണമെന്ന മുന്‍ധാരണകളെ കാറ്റില്‍ പറത്തിയാണ് കിഷ്കിന്ധാ കാണ്ഡത്തിന്‍റെ മുന്നേറ്റം. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ആദ്യദിനം മുതല്‍ ലഭിച്ച വലിയ മൌത്ത് പബ്ലിസിറ്റിയിലാണ് ഓരോ ദിനവും ആളെ കൂട്ടുന്നത്. ഇപ്പോഴിതാ എടുത്തുപറയത്തക്ക ഒരു നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം.
പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ സിനിമയായിരിക്കുകയാണ് കിഷ്കിന്ധാ കാണ്ഡം. ഇന്ത്യയില്‍ എല്ലാ ഭാഷകളിലുമായി നിലവില്‍ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ബുക്കിംഗില്‍ കിഷ്കിന്ധ ഒന്നാമത് എത്തിയിരിക്കുന്നത്. അവസാന 24 മണിക്കൂറില്‍ 90,000 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പ്രവര്‍ത്തി ദിനമായ ബുധനാഴ്ചത്തെ കണക്കാണ് ഇത് എന്നതിനാല്‍ എടുത്തുപറയത്തക്ക നേട്ടവുമാണ്. അതേസമയം ഈ വാരാന്ത്യത്തില്‍ ബോക്സ് ഓഫീസില്‍ ചിത്രം വലിയ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്.
ആദ്യാവസാനം ദുരൂഹതയൊളിപ്പിച്ച, വൈകാരികമായി മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു മിസ്റ്ററി ത്രില്ലര്‍, ആസിഫ് അലി നായകനാകുന്ന ‘കിഷ്‌കിന്ധാ കാണ്ഡം’ മലയാളത്തിലെ എക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റിലേക്കാണ് കളക്ഷന്‍ റിക്കോര്‍ഡുകളുമായി മുന്നേറുന്നത്. കാണികള്‍ക്കും സാറ്റലൈറ്റുകാര്‍ക്കും ഒടിടിയ്ക്കും എല്ലാം വേണ്ട ചിത്രമായി ഇതു മാറുന്നു. അപര്‍ണ ബാലമുരളി നായികയായെത്തുന്ന ചിത്രത്തില്‍ വിജയരാഘവനാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’യ്ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. മലയാളത്തിന് ഒരു പിടി സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എന്നിട്ടും ഈ ചിത്രത്തിന് ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് തിയേറ്ററില്‍ എത്താനായതെന്നതാണ് വസ്തുത. അവിടെയാണ് ഈ സിനിമയുടെ വിജയത്തിന്റെ മാറ്റു കൂട്ടുന്നത്.
ഒരു വര്‍ഷം മുമ്പ് ചിത്രീകരണം പൂര്‍ത്തിയായ സിനിമ. പക്ഷേ സാറ്റലൈറ്റുകാര്‍ക്കും ഒടിടിക്കാര്‍ക്കുമൊന്നും ഈ ചിത്രത്തോട് താല്‍പ്പര്യമുണ്ടായില്ല. മലയാളത്തിലെ പുതിയ ചിത്രങ്ങള്‍ വാങ്ങുന്നതില്‍ സണ്‍ ടിവി കാട്ടുന്ന വിമുഖതയും ഏഷ്യാനെറ്റിന്റെ പതിയെ ഉള്ള പിന്‍വാങ്ങലും സാറ്റലൈറ്റില്‍ നിര്‍മ്മാതാക്കള്‍ക്ക് ഭീഷണിയായി. ഒടിടിക്കാരും ശ്രദ്ധാപൂര്‍വ്വമേ സിനിമകളില്‍ കൈവയ്ക്കുന്നുള്ളൂ. നെറ്റ് ഫ്‌ളിക്‌സ് മാസത്തില്‍ ഒരു മലയാള ചിത്രമെന്ന പദ്ധതിയിലേക്ക് മാറിയെന്നാണ് സൂചന. ഇതെല്ലാം കിഷ്‌കിന്ധാ കാണ്ഡത്തേയും ബാധിച്ചു. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ് എന്ന ബാനറിനും റിലീസിന് മുമ്പേ ചിത്രത്തെ സാറ്റലൈറ്റിലും ഒടിടിയിലും വില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത. ഒടുവില്‍ എന്തും വരട്ടേ എന്ന് പറഞ്ഞ് മലയാള സിനിമയുടെ പ്രതിസന്ധി കാലത്ത് റിലീസിന് ഇറക്കി. ഇത് മലയാള സിനിമയിലെ പുതു ചരിത്രവുമായി.
റിലീസിന് മുന്‍പേ സാറ്റലൈറ്റും ഒടിടിയും വിറ്റുപോകാത്ത ഗുഡ് വില്ലിന്റെ ആദ്യ സിനിമയാണ് ഇത്. പൂര്‍ത്തിയായിട്ടും ഒരു വര്‍ഷം പെട്ടിയിലിരുന്ന ഈ ചിത്രം ബോക്‌സ് ഓഫീസ് തകര്‍ത്ത് മുന്നേറുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ക്കെല്ലാം ഇപ്പോള്‍ കിഷ്‌കിന്ധ കാണ്ഡം വേണം. അങ്ങനെ മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുകയാണ് ഈ സിനിമ. സാക്ഷാല്‍ മോഹന്‍ ലാല്‍ പോലും ‘ഹേമാ കമ്മറ്റി’ ഭയത്തില്‍ ബറോസ് റിലീസ് മാറ്റി വച്ച കാലം. അങ്ങനെ കാണികള്‍ തിയേറ്ററില്‍ എത്തുമോ എന്ന് ഏവരും ആകുലതയോടെ കണ്ട കാലത്ത് ‘കിഷ്‌കിന്ധാ കാണ്ഡം’ എത്തി. ആളുകള്‍ അഭിപ്രായമറിഞ്ഞ് തിയേറ്ററില്‍ ഒഴുകിയെത്തി. കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഈ കൊച്ചു ചിത്രം തകര്‍ക്കുന്ന അവസ്ഥ. ഇതോടെ സാറ്റലൈറ്റുകാര്‍ക്കും ഒടിടിക്കാര്‍ക്കുമെല്ലാം ചിത്രം വേണം. അങ്ങനെ വമ്പന്‍ ഹിറ്റിലേക്ക് ഈ സിനിമ മാറുകയാണ്.
ഒരു വലിയ തറവാട്ടിലെ മൂന്ന് ജീവിതങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ ആരംഭിക്കുന്നത്. മുന്‍ സൈനിക ഉദ്യോ?ഗസ്ഥനായ അപ്പു പിള്ള, മകന്‍ അജയ ചന്ദ്രന്‍, ഭാര്യ അപര്‍ണ. പുതിയതായി വിവാഹം കഴിഞ്ഞ് തറവാട്ടിലേയ്ക്ക് എത്തുന്ന അപര്‍ണയെ കാത്തിരിക്കുന്നത് ഒരുപിടി പ്രശ്‌നങ്ങളും വൈരുധ്യങ്ങള്‍ നിറഞ്ഞ സംഭവവികാസങ്ങളുമാണ്. അപ്പു പിള്ളയുടെ ലൈസന്‍സുള്ള തോക്ക് കാണാതാകുന്നതില്‍ നിന്നും തുടങ്ങുന്ന സംഭവവികാസങ്ങളുടെ ഒരു പരമ്പരയാണ് പിന്നീട് ചിത്രം. അപ്പു പിള്ളയായി വിജയരാഘവന്‍ വേഷമിടുമ്പോള്‍ മകന്‍ അജയ ചന്ദ്രനായി ആസിഫ് അലി എത്തുന്നു. അപര്‍ണയായി വേഷമിട്ടിരിക്കുന്നത് അപര്‍ണ ബാലമുരളിയാണ്. അപ്പു പിള്ളയിലേയ്ക്കുള്ള അപര്‍ണയുടേയും ഒപ്പം പ്രേക്ഷകരുടേയും ഒരു അന്വേഷണയാത്ര കൂടിയാണ് ചിത്രം. അജയ ചന്ദ്രന്റെയും അപ്പു പിള്ളയുടേയും ഒക്കെ ഭൂതകാലത്തിലേയ്ക്കുള്ള യാത്രയും സിനിമയിലുണ്ട്.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞ അപ്പു പിള്ളയെന്ന കഥാപാത്രത്തെ വിജയരാഘവന്‍ അതിഗംഭീരമാക്കി. അജയ ചന്ദ്രനെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ആസിഫ് അലിക്കും സാധിച്ചു. അപര്‍ണയെന്ന കഥാപാത്രം അപര്‍ണ ബാലമുരളിയും ഭദ്രമാക്കി. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കഥയില്‍ വളരെയേറെ പ്രധാന്യമുള്ളൊരു വേഷമാണ് ജഗദീഷ് അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ ജഗദീശും കൈയ്യടി നേടി.
സസ്‌പെന്‍സ് ഒളിപ്പിച്ച് കഥ മുന്നോട്ട് പോകുമ്പോഴും കുടുംബ ബന്ധങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന ചിത്രം. സ്‌നേഹവും പരസ്പരമുള്ള അനുകമ്പയും കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും സിനിമയില്‍ വിഷയങ്ങളാകുന്നു