കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. നിവിന്‍ ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളുണ്ട്. കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആരോപണങ്ങളിൽ ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും പരാതി നൽകിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുകയാണ്.
2023 ഡിസംബർ 14, 15 തിയതികളിൽ ദുബായിൽ വെച്ച് അതിക്രമം നടന്നതെന്നായിരുന്നു യുവതിയുടെ പരാതി. കോതമംഗംലം സ്വദേശിയായ യുവതിയെ തൃശ്ശൂരുകാരിയായ ശ്രേയ ദുബായിലേക്ക് കൊണ്ടുപോയെന്നും അവിടെ ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗ ചെയ്തെന്നുമാണ് പരാതി. മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. സെക്ഷന്‍ 376, 376 ഡി, 354, കുട്ടബലാത്സംഗം, സ്തീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മാതാവ് എ.കെ. സുനില്‍, ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
എന്നാൽ യുവതി പീഡനം ആരോപിച്ച തിയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പിന്നീട് പുറത്ത് വന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് ശ്രീനിവാസനും വ്യക്തമാക്കി. പിന്നാലെ ഡിജിറ്റൽ തെളിവുകളടക്കം നിരത്തി നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രംഗത്തെത്തി. ബലാത്സംഗം നടന്നുവെന്നു പറയുന്ന കൊച്ചിയിലെ ഷൂട്ടിംങ് സെറ്റിൽ നിവിനോടൊപ്പം നിൽക്കുന്ന ചിത്രമടക്കം പാർവതി പങ്കുവെച്ചു. അന്നേ ദിവസം ഷൂട്ട് ചെയ്ത ഒരു വീഡിയോയും യുവനടി ഇതിനോടൊപ്പം പുറത്തുവിട്ടിരുന്നു.
എന്നാൽ 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നായിരുന്നു ഇതേക്കുറിച്ച് ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി.