കൊച്ചി: കഴിഞ്ഞയാഴ്ച പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നിവേദിത അറക്കല്‍ ലൗ ജിഹാദിന്റെ ഇരയൊന്നും അല്ലെന്നും ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്നുമുള്ള അപേക്ഷയുമായി പിതാവ് ഷാജി ജോസഫ് അറയ്ക്കല്‍. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ മകളുടെ വിവാഹത്തെ കുറിച്ചും മരണശേഷം അവള്‍ക്കും ഭര്‍ത്താവിനും കുടുംബത്തിനും നേരെ സമൂഹമാധ്യമങ്ങള്‍ വഴി ചിലര്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്കെതിരെയും രംഗത്തെത്തിയത്.
‘എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാന്‍. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളില്‍ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020ല്‍ പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകള്‍ നിവേദിത അറക്കല്‍ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസില്‍ പഠിച്ചുകൊണ്ടിരിക്കെ, അമീന്‍ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റര്‍ മാരേജ് ചെയ്തു പരസ്പര സ്നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവള്‍.
മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങള്‍ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്റെ മകളുടെ ഭര്‍ത്താവായ അമീനിന്റേത്. എന്റെ മകള്‍ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവര്‍ ഏറെ കരുതലോടെയും സ്നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാര്‍ഥ്യങ്ങള്‍ അറിവുള്ളവരാണ്.
ഞങ്ങളുടെ ഇടവക സെമിത്തേരിയില്‍ അവളെ അടക്കം ചെയ്യാന്‍ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവര്‍ മലപ്പുറത്തേക്ക് മടങ്ങിയത്. ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു’, എന്നായിരുന്നു ആ അച്ഛന്റെ വാക്കുകള്‍.
കഴിഞ്ഞ ശനിയാഴ്ചയാണ് പാലക്കാട് ചാലിശേരി പട്ടാമ്പി- കുന്നംകുളം പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഷാജി ജോസഫിന്റെ മകള്‍ നിവേദിത എന്ന ഫാത്തിമ മരിച്ചത്. അപകടവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിവേദിത ലവ് ജിഹാദിന്റെ ഇരയാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചരണം നടന്നിരുന്നു.
ക്രിസ്ത്യന്‍ മതവിശ്വാസത്തെ ഹനിച്ചുവെന്നും നിവേദിതയുടേത് ‘ലവ് ജിഹാദ്’ ആയിരുന്നുവെന്നും അങ്ങനെയൊരാളെ ക്രിസ്ത്യന്‍ മതവിശ്വാസ പ്രകാരം സംസ്‌കരിച്ചത് ശരിയല്ലെന്നുമായിരുന്നു ഒരുകൂട്ടരുടെ വാദം. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പുമായി നിവേദിതയുടെ പിതാവിന് രംഗത്തെത്തേണ്ടി വന്നത്. എന്നാല്‍ ഈ കുറിപ്പിന് താഴെയും ചിലര്‍ അധിക്ഷേപകരമായ കമന്റുകളുമായും വ്യാജപ്രചരണങ്ങളുമായും എത്തിയിരുന്നു.