ചെന്നൈ : നിവർ ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണതോടെ തമിഴ്നാട്ടില്‍ വൈദ്യുതി വിതരണം താറുമാറായി. മരയ്ക്കാണത്തിനും പുതുച്ചേരിക്കും ഇടയില്‍ തീരംതൊട്ട നിവാര്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശവുമുണ്ടായി. അപകട, വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍നിന്ന് 2,27,300 പേരെയാണ്. മാറ്റിപ്പാര്‍പ്പിച്ചത്. നിവാര്‍ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് കൊടുങ്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടില്‍ നവംബര്‍ 29വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രി 11.30നും വ്യാഴാഴ്ച പുലര്‍ച്ചെ 2.30നും ഇടയിലാണ് കരകടന്നത്. പൂര്‍ണമായും കരയില്‍ കടന്നശേഷം ദുര്‍ബലമായ കാറ്റ് ദിശമാറി ആന്ധ്രയിലേക്ക് കടന്നു. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തിലാണ് കാറ്റ് വീശിയത്. അടുത്ത ദിവസങ്ങളിലും വെല്ലൂര്‍, റാണിപ്പേട്ട്, തിരുപത്തൂര്‍, ധര്‍മപുരി, തിരുവണ്ണാമല എന്നീ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.101 വീടുകള്‍ നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. 26 കന്നുകാലികള്‍ ചത്തു. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, വിഴുപുരം തുടങ്ങിയ ജില്ലകളില്‍ മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതത്തൂണുകള്‍ക്കും നാശമുണ്ടായി. കാറ്റിനൊപ്പം പെയ്ത മഴയില്‍ ചെന്നൈ, കടലൂര്‍, വിഴുപുരം തുടങ്ങിയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
മുന്‍കരുതല്‍ നടപടികളെടുത്തതിനാല്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. 3085 ദുരിതാശ്വാസ ക്യാമ്ബുകള്‍ തയാറാക്കിയിരുന്നു. ക്യാമ്പുകളിൽ നിന്ന് ഘട്ടംഘട്ടമായി ആളുകളെ വീടുകളില്‍ തിരിച്ചെത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. താത്കാലികമായി അടച്ച ചെന്നൈ വിമാനത്തവളത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച രാവിലെ ഒമ്ബതോടെ പുനഃരാരംഭിച്ചു. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകളും പുനഃരാരംഭിച്ചു. ചെന്നൈയില്‍ മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും പുനഃരാരംഭിച്ചു. ദുരന്തസാധ്യതയുള്ള ജില്ലകളിലെ നിര്‍ത്തിവെച്ചിരുന്ന ബസ് സര്‍വീസുകളും തുടങ്ങി.പുതുച്ചേരിയിലും കാരയ്ക്കലിലും ശനിയാഴ്ചവരെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.