ക്വയ്‌റ്റോ: പൊലീസ് അന്വേഷണത്തിനിടെ ഇന്ത്യയില്‍ നിന്നും മുങ്ങിയ നിത്യാനന്ദ പൊങ്ങിയത് കരീബിയന്‍ ദ്വീപ് സമൂഹത്തില്‍. അവിടെ സ്വന്തമായി ദ്വീപ് വാങ്ങി പുതിയ രാജ്യവും സാമ്രാജ്യവും സ്ഥാപിച്ചു. വിവരങ്ങളും പുതിയ ചിത്രങ്ങളും പുറത്തുവിട്ട് വിവാദ സ്വാമി
പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പൊലീസ് തേടുന്ന പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദയാണ് ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചിരിക്കുന്നത്. . കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ മാസം 21നാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് അറിയിച്ചത്. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്.
അതിനിടെയാണ് താന്‍ പരമാധികാര സനാദന ഹിന്ദുധര്‍മ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ രാജ്യം. രാജ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ രാജ്യത്തിന്റെ പതാകയും, പാസ്‌പോര്‍ട്ടും നിത്യാനന്ദ പുറത്തിറക്കി.
കടുംകാവി നിറത്തില്‍ നിത്യനന്ദയും ശിവനും ഉള്‍പ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക. ഒപ്പം രണ്ട് തരം പാസ്‌പോര്‍ട്ടും പുറത്തിറക്കി. മഹത്തായ ഹിന്ദു രാഷ്ട്രമാണ് ഇതെന്ന് പറയുന്ന നിത്യാനന്ദ ഹിന്ദുധര്‍മ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആര്‍ക്കും ഇവിടെ പൗരന്മാരാകാം എന്നും പറയുന്നു. എന്നാല്‍ അതിര്‍ത്തികള്‍ ഇല്ലാത്ത രാജ്യമാണ് കൈലാസ എന്നും രാജ്യം സംബന്ധിച്ച് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.