നിര്‍ഭയ പദ്ധതിക്കായി അനുവദിച്ച കോടികള്‍ കേരളം പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടികള്‍ കേരളം പാഴാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഇരകള്‍ക്കായുള്ള കേന്ദ്ര ധനസഹായം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തില്ല. ആകെ അനുവദിച്ചത് 760 ലക്ഷം രൂപയാണ്. എന്നാല്‍ ഒരു രൂപ പോലും വിതരണം ചെയ്തില്ല. രേഖകള്‍ കേന്ദ്രം പാര്‍ലമെന്റില്‍ വച്ചു. എമര്‍ജന്‍സി റസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിനായ് അനുവദിച്ചത് 733.27 ലക്ഷം. കേരളം ചിലവാക്കിയത് 337 ലക്ഷം മാത്രം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റക്യത്യങ്ങള്‍ തടയാനുള്ള സംവിധാനങ്ങള്‍ രൂപീകരിയ്ക്കാന്‍ അനുവദിച്ച തുകയും പൂര്‍ണ്ണമായി കേരളം പാഴാക്കി. കേന്ദ്രം അനുവദിച്ചത് 435 ലക്ഷം. വണ്‍ സ്റ്റോപ് സെന്റര്‍ പ്രോഗ്രാമിന് അനുവദിച്ച 468.85 ലക്ഷത്തില്‍ ചെലവാക്കിയത് 41 ലക്ഷം.
യൂണിവഴ്സലൈസേഷന്‍ ഓഫ് വിമണ്‍ ഹെല്‍പ്പ് ലൈന്‍ സ്‌കിമിന് അനുവദിച്ച 174.95 ലക്ഷത്തില്‍ ചെലവാക്കിയത് കേവലം 72.71 ലക്ഷം രൂപ മാത്രം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍ തന്നെയാണ് അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ചെലവഴിക്കുന്നില്ല എന്ന വസ്തുത പുറത്തുവന്നത്.