നിപാരോഗ ബാധ: മരിച്ച കുട്ടിയുടെ മാതാ പിതാക്കളുടെ പരിശോധനാ ഫലം പുറത്ത്
കോഴിക്കോട്:നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഈ എട്ട് സാമ്പിളുകളില്‍ ഉള്‍പ്പെടുന്നുണ്ട്. വളരെ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
കോഴിക്കോട്, ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയിൽ വാഹിദയുടെയും ഏകമകൻ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ ഉൾപ്പെട്ടതായി മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 38 പേർ ഐസൊലേഷൻ വാർഡിലാണ്. ഉയർന്ന സാധ്യതയുള്ള 54 പേരാണുള്ളത്.
മൃഗസംരക്ഷണവകുപ്പ് സംഘം പ്രദേശത്തുനിന്ന് റമ്പൂട്ടാൻ പഴങ്ങൾ ശേഖരിച്ചിട്ടുണ്ട്. വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ വീട്ടിലുള്ള ആടിന്റെ ശ്രവങ്ങളും ശേഖരിച്ചു. വിദഗ്ധപരിശോധയ്ക്ക് ഭോപാലിൽനിന്നുള്ള എൻ.ഐ.വി. സംഘം ബുധനാഴ്ച എത്തും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് മുഴുവനായും മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന മൂന്നു കിലോമീറ്ററിലുള്ള വാർഡുകളിലും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. എന്‍.ഐ.വി. പൂന, എന്‍.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍.ഐ.വി. പൂനയില്‍ നിന്നും എന്‍.ഐ.വി. ആലപ്പുഴയില്‍ നിന്നും അരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍.ഐ.വി. പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍.ഐ.വി. പൂന ഉറപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12-കാരൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്ത് കേന്ദ്രം. കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കേരള ചീഫ് സെക്രട്ടറി വിപി ജോയിക്ക് കത്തയച്ചത്.
Union Health Secretary Rajesh Bhushan writes to Kerala Chief Secretary VP Joy, recommending measures to be taken in wake of Nipah outbreak in Kozhikode, based on a report submitted by a Central team from National Centre for Disease Control that visited the district pic.twitter.com/YV3qrhLQl6
— ANI (@ANI) September 6, 2021
നിപ സ്ഥിരീകരിച്ച കോഴിക്കോടിന് തൊട്ടടുത്തുളള്ള ജില്ലകളായി മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ കൂടുതൽ ജാഗ്രത വേണം. രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കൻഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്ക് കാറ്റഗറി, ഹൈ റിസ്ക് കാറ്റഗറി റിസ്ക് എന്നിങ്ങനെ രണ്ടായി വേർതിരിക്കുകയും വേണം.
ആന്റി ബോഡി മരുന്നായ റിബാവെറിൻ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആർ പഠിച്ചു വരികയാണെന്നും കത്തിൽ പറയുന്നു.
സംസ്ഥാനത്തെ കോവിഡ്, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓണ്‍ലൈന്‍ വഴി ചേര്‍ന്നു. മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെ.എം.എസ്.സി.എല്‍. എം.ഡി. ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിദ്യ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. ചാന്ദിനി എന്നിവരാണ് പരിശീലനം നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍., ആശാ വര്‍ക്കര്‍മാര്‍, സി.ഡി.പി.ഒ., അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ പരിശീലനവും നടന്നു.
മന്ത്രിമാരായ വീണാ ജോര്‍ജ്, എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്‍കി.