KeralaNews

നിപ:മോണോ ക്ലോണൽ ആന്റിബോഡി നാളെയെത്തും; രോഗിയുമായി സമ്പർക്കത്തിലായ എല്ലാവരും നിരീക്ഷണത്തിൽ

മലപ്പുറം: പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പുണെ വൈറോളജി ലാബില്‍നിന്നുള്ള ഫലത്തിലും കുട്ടിക്ക്‌ നിപ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ രോഗബാധ സംശയത്തെ തുടര്‍ന്ന നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയില്‍ അടിയന്തരമായി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണല്‍ ആന്റിബോഡി പുണെ വൈറോളജി ലാബില്‍നിന്നും അയച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ കേരളത്തിലെത്തും. മറ്റു മരുന്നുകളും മാസ്‌ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ നടപടികള്‍ കര്‍ശനമാക്കും.

നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. മന്ത്രി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ മന്ത്രി. വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി അനില്‍കുമാര്‍, അഡ്വ. യു.എ ലത്തീഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker