KeralaNews

5 വയസ്സുള്ള ഉമ്മു കുല്‍സുവിനെ താലിബാന് കൊടുക്കരുത്,നിമിഷയെ ഇവിടെ ശിക്ഷിക്കണം

കൊച്ചി നിമിഷ ഫാത്തിമയുടെ മകള്‍ ഉമ്മു കുല്‍സുവിന് വെള്ളിയാഴ്ച അഞ്ചു വയസ്സാകും. ”എന്റെ കൊച്ചുമകളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അവള്‍ക്ക് നാളെ അഞ്ചു വയസ്സാകും. നിമിഷ വിളിക്കുമ്പോള്‍ അവളുടെ കുഞ്ഞൊച്ച ഫോണില്‍കൂടി മാത്രമേ കേട്ടിട്ടുള്ളൂ. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്. താലിബാന്റെ ഭരണത്തില്‍ പെണ്‍കുട്ടികള്‍ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ.” – ഇതു പറയുമ്പോള്‍ നിമിഷയുടെ അമ്മ ബിന്ദു സമ്പത്തിന്റെ തൊണ്ടയിടറി.

ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖോറോസാന്‍ പ്രൊവിന്‍സ് അഥവാ ഐഎസ്‌കെപിയില്‍ അണിചേരാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം അഫ്ഗാനിലെത്തിയ ആറു യുവതികളില്‍ ഒരാളായ നിമിഷ അവിടെ ജയിലിലായിരുന്നു. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ 2019ല്‍ കാബൂള്‍ ജയിലിലായ ഈ യുവതികളെയും കഴിഞ്ഞ ദിവസം താലിബാന്‍ മോചിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൊച്ചുമകളെയെങ്കിലും താലിബാന്റെ കൈകളില്‍നിന്നു രക്ഷിക്കാനായി അറിയാവുന്ന വാതിലുകളെല്ലാം മുട്ടുകയാണ് ബിന്ദു. സംസ്ഥാന-ദേശീയ ശിശുക്ഷേമ സമിതികളെയും ഇതിനായി സമീപിച്ചിട്ടുണ്ട്. 2016ല്‍ ഭര്‍ത്താവിനൊപ്പം നിമിഷ രാജ്യം വിടുമ്പോള്‍ ഏഴു മാസം ഗര്‍ഭിണിയായിരുന്നു.

”നിമിഷ തെറ്റുകാരിയാണ്. ഐഎസില്‍ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് അവള്‍ ചെയ്തതെന്ന് എനിക്കറിയാം. അവളെ ശിക്ഷിക്കണം. പക്ഷേ, താലിബാന് വിട്ടുകൊടുക്കരുത്. രാജ്യത്തെത്തിച്ച് അവളെ ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ. അവളെ ഇന്ത്യയിലെ ഏതെങ്കിലും ജയിലില്‍ അടയ്ക്കട്ടെ. പക്ഷേ അഞ്ചു വയസ്സുള്ള ആ പാവം കുട്ടി എന്ത് പിഴച്ചു. എന്തിനാണവളെ താലിബാന് വിട്ടുകൊടുക്കുന്നത്?’ഒരു അഭിമുഖത്തില്‍ നിറകണ്ണുകളോടെ ബിന്ദു ചോദിച്ചു.

ഡെന്റിസ്റ്റായിരുന്ന നിമിഷ, ഭര്‍ത്താവ് ബെസ്റ്റിനൊപ്പം 2016 ലാണ് രാജ്യം വിട്ടത്. ബെസ്റ്റിന്‍ ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നു. നിമിഷയും ഭര്‍ത്താവും ബിസിനസ് ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകുന്നുവെന്നാണ് അന്നു പറഞ്ഞിരുന്നത്. പിന്നീടാണ് ഐഎസില്‍ ചേര്‍ന്ന വാര്‍ത്തകള്‍ അറിഞ്ഞതെന്നു ബിന്ദു പറയുന്നു.

നിമിഷയെ ജയിലില്‍നിന്നു താലിബാന്‍ മോചിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബിന്ദു പറഞ്ഞു. നിമിഷയോടൊപ്പം ആറോളം യുവതികളെയും 2016 മേയ് മുതല്‍ ജൂലൈ വരെ കാണാതായിരുന്നു. 21 പേര്‍ ഉള്‍പ്പെട്ട സംഘത്തില്‍ ആറു യുവതികളും മൂന്നു കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, എംബിഎ വിദ്യാഭ്യാസം നേടിയവര്‍ എന്നിങ്ങനെയായിരുന്നു ഇവരില്‍ പലരുടെയും പശ്ചാത്തലം. എല്ലാവരും ഐഎസില്‍ ചേര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ദൗലത്തുള്‍ ഇസ്ലാമില്‍ (ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള സ്ഥലം) എത്തിയെന്ന് ചില ബന്ധുക്കള്‍ക്കു ലഭിച്ച ടെലിഗ്രാം ആപ്പിലെ സന്ദേശം മാത്രമായിരുന്നു ഇവര്‍ രാജ്യം വിട്ടുവെന്നതിന്റെ സൂചന. രാജ്യം വിട്ട 21 പേരില്‍ പുരുഷന്മാരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. സ്ത്രീകളെ അറസ്റ്റ് ചെയ്ത് 2019 നവംബര്‍ മുതല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ബെസ്റ്റിനും സഹോദരന്‍ ബെക്സണും അഫ്ഗാനില്‍ നാറ്റോ നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കൊച്ചുമകളെ തിരികെ നാട്ടിലെത്തിക്കണമെന്ന് ബെസ്റ്റിന്റെയും ബെക്‌സന്റെയും അമ്മ ഗ്രേസിയും ആവശ്യപ്പെട്ടു. ”എന്റെ രണ്ട് ആണ്‍മക്കളും മരിച്ചു. ഇനി ആകെയുള്ളത് അഫ്ഗാനിലുള്ള കൊച്ചുമകള്‍ മാത്രമാണ്. മരിക്കും മുന്‍പ് അവളെ ഒന്നു കാണണമെന്നുണ്ട്.” – ഗ്രേസി പറഞ്ഞു.

അതിനിടെ അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിയ്ക്കുന്നതിനായി കാബൂളിലെത്തിയ വിമാനം യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍, വ്യോമസേന വിമാനം സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയാണ്. ചെക്ക് പോസ്റ്റുകളില്‍ ഇന്ത്യക്കാരെ തടയുന്നത് ഒഴിവാക്കാന്‍ താലിബാനുമായി കേന്ദ്ര സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ നിയന്ത്രണാതീതമായ തിരക്ക് വിമാനസര്‍വീസുകള്‍ക്ക് തടസമാകുന്നുണ്ട്.

ഇതിനിടെ, താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി. ചരക്കുപാതകള്‍ അടച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,989 കോടി രൂപയുടെ വ്യാപാര ഇടപാട് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നു. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ചരക്ക് നീക്കം നിലച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചു. താലിബാന്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നും രാജ്യത്തെ മറ്റു രാഷ്ട്രീയ കക്ഷികളെ ഉള്‍പ്പെടുത്തിയാകണം സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് എന്നുമുള്ള നിലപാട് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തി.

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള പലായനം തടയാന്‍ താലിബാന്‍ ശ്രമിയ്ക്കുന്നുണ്ട്‌.കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ആകാശത്തേക്ക് നിറയൊഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ കയറാന്‍ പുറത്തു കാത്തുനില്‍ക്കുന്നവരുടെ എണ്ണം ഇപ്പോഴും കൂടിവരികയാണ്.

ആരെയും ഉപദ്രവിക്കുന്നില്ലെന്നും സ്ഥിതി ശാന്തമാക്കുക മാത്രമാണ ലക്ഷ്യമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. അതേസമയം ഔദ്യോഗിക സ്ഥാപനമായ റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ ജോലിക്ക് എത്തുന്നത് താലിബാന്‍ വിലക്കിയതായി വാര്‍ത്താ അവതാരക ശബ്നം ധര്‍വാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജോലിക്കെത്തിയ തന്നോട് ഭരണം മാറിയെന്നും ഉടന്‍ വീട്ടില്‍പോകാനും തന്നോട് പറഞ്ഞെന്നാണ് ശബ്നത്തിന്റെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker