കൊച്ചി:മലയാളം ത്രില്ലർ സിനിമകളിൽ ബെഞ്ച്മാർക്ക് സൃഷ്ടിച്ച ‘അഞ്ചാംപാതിര’യിൽ ആകെയൊരു രംഗത്തു മാത്രമാണ് നിഖില വിമൽ പ്രത്യക്ഷപ്പെടുന്നത്. എന്നിട്ടും നിഖിലയുടെ ആ അതിഥിവേഷം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിലുണ്ട്. അഞ്ചാംപാതിര പോലെ തമിഴിൽ ചർച്ചയാവുകയാണ് നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്ത ‘‘പോർ തൊഴിൽ’’ എന്ന ചിത്രം.
കേരളത്തിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ, ശരത്കുമാറിനും അശോക് സെൽവനും ഒപ്പം ശ്രദ്ധേയ വേഷത്തിൽ നിഖില വിമലുമുണ്ട്. സിനിമയുടെ അണിയറ വിശേഷങ്ങളും, വീണ എന്ന കഥാപാത്രമായി തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള കാരണവും വെളിപ്പെടുത്തി നിഖില വിമൽ
ഒരു തമിഴ് പ്രോജക്ടുണ്ട്, കഥ കേൾക്കാമോ എന്നു ചോദിച്ച് ഇ ഫോർ എന്റർടെയ്ൻമെന്റ്സിൽനിന്ന് എനിക്കൊരു കോൾ വന്നു. അങ്ങനെയാണ് സംവിധായകൻ വിഘ്നേഷ് രാജ എന്നെ സമീപിക്കുന്നത്. പശ്ചാത്തല സംഗീതമൊക്കെ ഇട്ടാണ് അദ്ദേഹം കഥ പറഞ്ഞത്. എനിക്ക് കഥ ഇഷ്ടപ്പെട്ടു. കഥ പറച്ചിലിൽത്തന്നെ നല്ല ഇംപാക്ട് ഉണ്ടായിരുന്നു. അതുകൊണ്ട്, എന്റെ വേഷം ചെറുതാണെങ്കിലും ഈ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായി. ഷൂട്ട് നടക്കുമ്പോഴും എനിക്കുറപ്പുണ്ടായിരുന്നു ഈ സിനിമ നന്നായി വരുമെന്ന്. അതുപോലെ തന്നെ സംഭവിച്ചു.
കഥ പറഞ്ഞു കേട്ടപ്പോൾ ഞാൻ സംവിധായകനോടു ചോദിച്ചു, നിങ്ങൾക്ക് നുണക്കുഴി ഉള്ള ഒരാളെയല്ലേ വേണ്ടത്. എനിക്ക് നുണക്കുഴി ഇല്ലല്ലോ! അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ചിരിക്കുമ്പോൾ വലതു വശത്ത് നുണക്കുഴി ഉണ്ടെന്ന്! അത് എനിക്കൊരു പുതിയ അറിവായിരുന്നു. വിഘ്നേഷ് പറഞ്ഞപ്പോഴാണ് എനിക്കൊരു നുണക്കുഴിയുണ്ടെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞത്. അക്കാര്യം ഞാൻ ശ്രദ്ധിച്ചിട്ടേ ഉണ്ടായിരുന്നില്ല. സാധാരണ നുണക്കുഴിയുള്ളവരുടെ പോലെ അത്ര ശ്രദ്ധിക്കപ്പെടുന്ന ഒന്നല്ല എന്റേത്. നന്നായി ചിരിക്കുമ്പോൾ മാത്രമേ അതു കാണുള്ളൂ. അതിനു മുമ്പ് എന്നോടാരും ഇക്കാര്യം പറഞ്ഞിട്ടുമില്ല.
കൂടുതലും രാത്രികളിലായിരുന്നു ഷൂട്ട്. അത് ഏറെ ശ്രമകരമായിരുന്നു. രാത്രി മാത്രം കാണുന്നവരായിരുന്നു സെറ്റിൽ അധികവും! ആ സമയത്തിനുള്ളിൽ ഷോട്ട്സ് എടുത്തു തീർക്കുക എന്നത് വെല്ലുവിളി ആയിരുന്നു. ഫൺ സെറ്റ് ആയിരുന്നില്ല ‘പോർ തൊഴിലി’ന്റേത്. അൽപം ഗൗരവമുള്ള മൂഡിലായിരുന്നു സെറ്റ് മുഴുവൻ! ആരെങ്കിലും ഒരു കഥ പറയാൻ തുടങ്ങിയാൽ, അതിനു ചുറ്റും ബാക്കിയുള്ളവരും കൂടും. അപ്പോൾ നമുക്കൊപ്പം സംവിധായകനും കൂടും. ചിരിയൊക്കെ കഴിയുമ്പോൾ സംവിധായകൻ പറയും, ചിരിയൊക്കെ കഴിഞ്ഞില്ലേ, എന്നാൽ വാ, നമുക്കിനി ഷൂട്ട് ചെയ്യാം എന്ന്! അത്രയും ഗൗരവമായിട്ടാണ് ആ സിനിമയെ കണ്ടിരുന്നത്. സീൻ എടുക്കുമ്പോൾ ഒരു ഇംപാക്ട് ഉണ്ടാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുമായിരുന്നു.
ശരത്കുമാർ സർ രാഷ്ട്രീയത്തിലും സജീവമാണല്ലോ. സർ സെറ്റിൽ വരുമ്പോൾ എപ്പോഴും പത്തിരുപതു പേർ ഒപ്പം കാണും. ചിലർ കാണാൻ വരും. ഇടയ്ക്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള കാര്യങ്ങൾ ചെയ്യും. അതിനിടയിലാണ് അഭിനയത്തിനു വേണ്ട ഒരുക്കങ്ങളും ചെയ്യുന്നത്. ഇതിനൊപ്പം അദ്ദേഹം ഞങ്ങളോടു സംസാരിക്കാനും സമയം കണ്ടെത്തും. കുറെ പഴയ കഥകൾ പറയും. ഇത്രയും കാര്യങ്ങൾ ഒരേ സമയം ചെയ്തിട്ടും സ്ക്രീനിൽ ഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു കണ്ടപ്പോൾ അദ്ഭുതമായിരുന്നു എനിക്ക്.
എനിക്ക് ശരത് കുമാർ സാറിനെപ്പോലെ തന്നെ കോംബിനേഷൻ രംഗങ്ങൾ അശോക് സെൽവനുമായിട്ടുണ്ട്. സിനിമയിലെ എന്റെ നിരവധി സുഹൃത്തുക്കൾക്കൊപ്പം അശോക് സെൽവൻ അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം പറഞ്ഞാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അശോക് സെൽവൻ കൂടെ അഭിനയിച്ച ആളുകളെക്കുറിച്ചു പറയുമ്പോൾ ഞാൻ പറയും, ആളെ എനിക്കറിയാമല്ലോ! ഞങ്ങൾ സുഹൃത്തുക്കൾ ആണെന്ന്! പിന്നെ, അദ്ദേഹം ആരെയെങ്കിലും കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ ചോദിക്കും, ഇയാൾ സുഹൃത്താണോ എന്ന്! അങ്ങനെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.
മലയാളി താരങ്ങളായ സന്തോഷ് കീഴാറ്റൂരും സുനിൽ സുഖദയും ഈ സിനിമയിൽ രണ്ടു നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിൽ സുനിൽ സുഖദയുമായിട്ടു മാത്രമെ എനിക്ക് കോംബിനേഷനുള്ളൂ. കുറച്ചു നാളുകളായി അദ്ദേഹത്തെ നമ്മൾ നല്ലൊരു വേഷത്തിൽ കണ്ടിട്ട്. ‘പോർ തൊഴിലി’ൽ അദ്ദേഹത്തിന് മികച്ച വേഷമാണുള്ളത്.
ചെന്നൈയിൽ നടന്ന പ്രിമിയറിലാണ് ഞാൻ സിനിമ കണ്ടത്. ഊഷ്മളമായ പ്രതികരണമാണ് അന്ന് ലഭിച്ചത്. ഒരുപാടു പേർ അഭിനന്ദിച്ചു. എനിക്കു ലഭിക്കുന്ന നല്ല കമന്റുകളെക്കാൾ എന്നെ സന്തോഷിപ്പിച്ചത് സംവിധായകനു ലഭിക്കുന്ന നല്ല പ്രതികരണങ്ങളായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തിന്റെ കഴിവിലും ദൃശ്യാവിഷ്കാരത്തിലും നല്ല വിശ്വാസമുണ്ടായിരുന്നു. സത്യത്തിൽ അദ്ദേഹത്തെ ഞങ്ങൾ ആണല്ലോ ആദ്യം വിശ്വസിച്ചത്.
ആ വിശ്വാസം മറ്റുള്ളവർക്കും വരുന്നതു കാണുമ്പോൾ വലിയ സന്തോഷം. ഈ സിനിമയുടെ ഓഫർ വന്ന സമയത്തേ ഞാൻ പറഞ്ഞിരുന്നു, ഈ സംവിധായകൻ വലിയ ഉയരങ്ങളിലെത്തും, നല്ല ഭാവിയുള്ള സംവിധായകനാണ് എന്നൊക്കെ! ഓരോ രംഗവും അദ്ദേഹം വിവരിക്കുന്നതു കാണുമ്പോൾത്തന്നെ നമുക്കത് മനസ്സിലാകും. ആ ഫീൽ എനിക്ക് തുടക്കം മുതലേ ഉണ്ട്. സിനിമയുടെ പ്രീമിയറിനു ശേഷം എല്ലാവരും അദ്ദേഹത്തെ ആഘോഷിക്കുന്നതു കാണുമ്പോൾ വലിയ സന്തോഷം തോന്നി.
25 സിനിമകളോളം ഞാനിപ്പോൾ ചെയ്തു. അതിൽ വളരെ കുറച്ചു സിനിമകൾക്കാണ് ഒരുപാട് പേരിൽ നിന്നു നല്ല കമന്റുകളും അഭിനന്ദനങ്ങളും ലഭിച്ചിട്ടുള്ളത്. അഞ്ചാം പാതിര പോലുള്ള സിനിമകളിൽ ആകെ ഒരു സീനിൽ മാത്രമെ വരുന്നുള്ളൂ എങ്കിലും എന്നെ ഇപ്പോഴും പലർക്കും പരിചയം ആ സിനിമയിലൂടെയാണ്. അതുപോലൊരു സിനിമയാണ് എനിക്ക് ‘പോർ തൊഴിൽ’. ഈ വലിയ സിനിമയുടെ ഭാഗമാണെന്നു പറയുന്നതു തന്നെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. അങ്ങനെയൊരു കാര്യം എല്ലാ സിനിമകളിൽനിന്നും ലഭിക്കണമെന്നില്ല. സംതൃപ്തി നൽകുന്നതിനൊപ്പം പ്രേക്ഷകരിലേക്കും എത്തുന്ന സിനിമകൾ കുറവാണ്. ‘പോർ തൊഴിൽ’ എനിക്ക് അങ്ങനെ സംതൃപ്തി നൽകിയ ചിത്രമാണ്.
ഇ ഫോർ എന്റർടെയ്ൻമെന്റ്സുമായി ഞാൻ മുമ്പും പ്രവർത്തിച്ചിട്ടുണ്ട്. ലവ് 24×7 എന്ന സിനിമയും ഒരു വെബ് സീരീസും. ഈ പ്രൊഡക്‌ഷൻ കമ്പനിയുമായി ദീർഘകാലത്തെ ബന്ധം എനിക്കുണ്ട്. ‘പോർ തൊഴിൽ’ സിനിമയുടെ നിർമാണത്തിൽ ഇ ഫോർ എന്റർടെയ്ൻമെന്റിനൊപ്പം അപ്ലോസ് എന്റർടെയ്ൻമെന്റും പങ്കാളിയാണ്. ഒരു കോർപ്പറേറ്റ് കമ്പനിയുമായി ആദ്യമായിട്ടാണ് ഞാൻ സഹകരിക്കുന്നത്. വളരെ നല്ലൊരു അനുഭവം ആയിരുന്നു അത്. എല്ലാ കാര്യങ്ങൾക്കും കൃത്യതയും ഓർഡറും ഉണ്ട്. പ്രഫഷനൽ സമീപനമാണ് അവരുടേത്. സിനിമയുടെ ഷൂട്ട് നടക്കുമ്പോഴും അതിനു ശേഷവുമെല്ലാം അതേ സമീപനമാണ്. ഒരു പ്രഫഷനൽ സ്പേസിൽ വർക്ക് ചെയ്യുന്ന ഫീലാണ്.
തമിഴിലും മലയാളത്തിലും ഓരോ വെബ് സീരീസുകൾ റിലീസിനൊരുങ്ങുന്നു. മാരി സെൽവരാജിന്റെ പ്രൊജക്ടിൽ ഒരു വേഷം ചെയ്യുന്നുണ്ട്. മലയാളത്തിൽ ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.