എന്റെ ഭർത്താവും അവന്റെ ബോയ്ഫ്രണ്ടും മറ്റൊരു ലോകത്ത്; വെെറലായി നിഖിലയുടെ കമന്റ്
കൊച്ചി:മലയാളത്തിൽ യുവ നടിമാരിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കരിയറിൽ മുന്നേറുകയാണ് നടി നിഖില വിമൽ. ഭാഗ്യദേവത എന്ന സിനിമയിൽ ബാലതാരമായെത്തിയ നിഖില പിന്നീട് ലൗ 24, അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി, യമണ്ടൻ പ്രേമ കഥ, അഞ്ചാം പാതിര, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ചു.
ജോ ആന്റ് ജോ, മധുരം, തുടങ്ങിയവയാണ് നിഖിലയുടെ പിന്നീടിറങ്ങിയ മലയാള സിനിമകൾ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് നടിയുടെ ഏറ്റവും പുതിയ സിനിമ. ആസിഫ് അലി, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ ത്രില്ലറാണ് സിനിമ. ആസിഫലിയുടെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് നിഖില സിനിമയിലെത്തുന്നത്. ആസിഫിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് റോഷൻ മാത്യു സിനിമയിലെത്തുന്നത്. സിനിമയിൽ ഈ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദവും കെമിസ്ട്രിയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ റോഷനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ആസിഫ് അലി.
മറ്റൊരു ഡൈമൻഷനിൽ ഷാനുവും സുമേഷും എന്നാണ് ഫോട്ടോയ്ക്ക് ആസിഫ് അലി നൽകിയിരിക്കുന്ന കമന്റ്. ഫോട്ടോയ്ക്ക് താഴെ നിഖില നൽകിയ കമന്റും ശ്രദ്ധിക്കപ്പെട്ടു. ദാ എന്റെ ഭർത്താവും അവന്റെ ബോയ് ഫ്രണ്ടും മറ്റൊരു ലോകത്ത് എന്നാണ് നിഖിലയുടെ കമന്റ്. ചെറുപ്പം മുതൽ ഒരുമിച്ച് വളർന്ന സുഹൃത്തുക്കളായ ഷാനു, സുമേഷ് എന്നീ കഥാപാത്രങ്ങളെയാണ് ആസിഫും റോഷനും അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ റോഷനുമായുള്ള കെമിസ്ട്രിയെ പറ്റി ആസിഫ് അലി സംസാരിച്ചിരുന്നു. സിനിമ കണ്ട് അഭിപ്രായം പറഞ്ഞവരിൽ നിന്നും നീ റോഷനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യം തനിക്ക് വന്നെന്നും അത് കുസൃതിയായി തോന്നിയെന്നുമായിരുന്നു ആസിഫ് പറഞ്ഞത്. സിനിമയുടെ ക്ലെെമാക്സിൽ ഞാനും റോഷനും കൂടി ബൈക്കിൽ വരുന്ന സീനുണ്ട്.
റോഷൻ പിറകിൽ നിന്ന് കെട്ടിപ്പിടിക്കുന്ന ഈ സീൻ കണ്ടപ്പോൾ തന്റെ കണ്ണ് നിറഞ്ഞെന്നായിരുന്നു ആസിഫലി പറഞ്ഞത്. ചെറുപ്പം മുതലുള്ള സുഹൃത്തുക്കൾ എനിക്കുമുണ്ട്. അവരോട് പെരുമാറുന്ന രീതിയിലാണ് റോഷന്റെ കഥാപാത്രത്തോട് ഇടപെട്ടത്. അതിനാൽ ആ കെമിസ്ട്രി ഉണ്ടാക്കൽ വലിയ ടാസ്ക് ആയിരുന്നില്ലെന്നും ആസിഫലി പറഞ്ഞു.
ആറ് വർഷത്തിന് ശേഷം സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് കൊത്ത്. വൈകാരിക രംഗങ്ങൾ നിറഞ്ഞ സിനിമ തന്റെ ഭാര്യയെ കരിയിച്ചെന്നും ആസിഫലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീട്ടിലുള്ളവരെല്ലാം സിനിമ കണ്ടു. ഭാര്യ സമ വിളിച്ചിട്ട് രണ്ട് മിനുട്ടോളം കരയുകയായിരുന്നു. ഈ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ആസിഫ് പറഞ്ഞു. സിബി മലയിൽ എന്ന സംവിധായകന്റെ തിരിച്ചു വരവായാണ് കൊത്ത് സിനിമയെ പ്രേക്ഷകർ കാണുന്നത്.