KeralaNews

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നികേഷ് കുമാർ സ്ഥാനാര്‍ത്ഥി? സാധ്യതകൾ ഇങ്ങനെ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ മാധ്യമപ്രവർത്തകർ എം വി നികേഷ് കുമാറിനെ സിപിഎം പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹം ശക്തം. സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് പൊതുരംഗത്ത് പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് നികേഷ്. തന്റെ മുന്നോട്ടുള്ള യാത്ര സിപിഎമ്മിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ താരപരിവേഷമുള്ള നികേഷിനെ പാലക്കാട് നിന്ന് മത്സരിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ പാർട്ടിയിൽ ഉണ്ടെന്നാണ് വിവരം.

നിലവിൽ മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് മുതല്‍ സി പി എം യുവ നേതാവ് നിതിന്‍ കണിച്ചേരിയുടെ പേരുകൾ വരെ സി പി എമ്മിൽ ഉയരുന്നുണ്ട്. എന്നാൽ നികേഷിനെ മത്സരിപ്പിക്കുന്നത് പോരാട്ടം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്നാണ് ചർച്ച.

2016-ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി നികേഷ് കുമാർ മത്സരിച്ചിരുന്നു. അന്ന് 2462 വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയോട് പരാജയപ്പെട്ടിരുന്നത്. ഇതിനു ശേഷം തിരിച്ച് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയ നികേഷ് ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. അതേസമയം നികേഷ് കുമാറിനെ പോലുള്ളവരെ സ്ഥാനാർത്ഥിയാക്കി മത്സരം കടുപ്പിക്കാൻ സി പി എം ശ്രമിച്ചാൽ അത് കോൺഗ്രസിന് കനത്ത തിരിച്ചടിയായേക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ബി ജെ പി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മണ്ഡലമാണ് പാലക്കാട്. സി പി എം ഇവിടെ മൂന്നാമതാണ്. ബി ജെ പി വിജയിക്കാതിരിക്കാന്‍ സി പി എം വോട്ടുകൾ അടക്കം കോൺഗസിലേക്ക് ഒഴുകാറുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് ഇത്തരത്തിൽ സിപിഎം വോട്ടുകൾ നേടാൻ സാധിച്ചിരുന്നു.

ഇത്തവണ കരുത്തനായ നേതാവിനെ സി പി എം പരിഗണിക്കുന്നത് ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിക്കുമെന്നും ബി ജെ പിയുടെ വിജയത്തിേന് തന്നെ ഇത് കാരണമാകുമെന്നുമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ എന്നും കോൺഗ്രസിനെ ജയിപ്പിക്കേണ്ട ബാധ്യത സി പി എമ്മിന് പാലക്കാട് ഇല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

അതേസമയം ആരെയൊക്കെ മത്സരിപ്പിച്ചാലും ഇത്തവണയും മണ്ഡലം നിലനിർത്തുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ലോക്സഭ കണക്കുകളാണ് പാർട്ടിയുടെ ആത്മവിശ്വാസം. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം, 9,707 വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭ മണ്ഡലത്തില്‍ യു ഡി എഫിന് ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker